തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്.
ജോയിയുടെ മരണത്തോടെ നിരാലംബയായ ജോയിയുടെ വൃദ്ധമാതാവിനെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ സികെ ഹരീന്ദ്രന്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്‌തിരുന്നു.
ജോയിയുടെ കുടുംബത്തിന്‍റെ അതിദാരിദ്ര്യാവസ്ഥ കൂടെ കണക്കിലെടുത്താണ് ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ജോയിയുടെ കുടുംബത്തിന് ധന സഹായം നല്‍കുന്ന കാര്യം തങ്ങള്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേയും വ്യക്തമാക്കിയിട്ടുണ്ട്.