തിരുവനന്തപുരം : കുടുംബശ്രീയിലൂടെ സംസ്ഥാനത്തെ സ്‌ത്രീ ശാക്‌തീകരണത്തിൽ നേട്ടമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ കുടുംബശ്രീ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്‌ടിച്ചതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 'കെ ലിഫ്‌റ്റ്' (Kudumbashree Livelihood Initiative for Transformation) എന്ന പേരിൽ പ്രത്യേക ഉപജീവന പദ്ധതി ആരംഭിക്കും. ഈ പദ്ധതിക്കായി സ്വകാര്യ നിക്ഷേപം ഉൾപ്പടെ 430 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്‌ത്രീകളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതി കുടുംബശ്രീയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനും സ്‌ത്രീ ശാക്തീകരണത്തിന്‍റെ പുതിയ മാതൃക തീർക്കുന്നതിനും ഉതകുന്ന രീതിയിലാണ് വിഭാവനം ചെയ്‌തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീക്ക് 265 കോടിയാണ് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 5 കോടിയുടെ വർധനവാണ് ഈ ബജറ്റിൽ ഉണ്ടായിരിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 'തിരികെ സ്‌കൂളിൽ' എന്ന വലിയ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ മുഖേന 3 ലക്ഷം സ്‌ത്രീകളാണ് ഉപജീവനമാർഗം ഉറപ്പുവരുത്തിയതെന്നും മന്ത്രി പറഞ്ഞു.