തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതര്‍ക്കും വീടുകൾ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഭവന പദ്ധതിയാണ് ലൈഫ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ 2023-24 വര്‍ഷത്തില്‍ നാളിതുവരെ 1,51,073 വീടുകളുടെ നിര്‍മാണ അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇതില്‍ 31,386 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1,19,687 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024 മാര്‍ച്ച് 31നകം 4,25,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനും 25 മാര്‍ച്ച് 31 നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം 5 ലക്ഷത്തിലെത്തിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നാളിതുവരെ ലൈഫ് ഭവന പദ്ധതിക്കായി ആകെ 17, 104.87 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 2023- 24 വര്‍ഷം ഇതുവരെ 1966.36 കോടി രൂപ ചിലവഴിച്ചുവെന്നും, ഈ പദ്ധതിക്ക് 2024 - 25 ലേക്ക് 1132 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത 2 വര്‍ഷം കൊണ്ട് 10000 കോടി രൂപയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായാണ് നിലവിലുള്ള ബജറ്റ് വിഹിതത്തിന് പുറമേ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ദീർഘകാല വായ്‌പാ പദ്ധതി ഉപയോഗിച്ച് വേഗത്തില്‍ നിർമാണം പൂര്‍ത്തീകരിച്ചത്.
ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ ഗ്രാമീണിന് കീഴില്‍ വീടൊന്നിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 1.2 ലക്ഷം രൂപയാണ്. ഇതിന്‍റെ 60 ശതമാനമായ 72000 രൂപയാണ് കേന്ദ്ര വിഹിതം. എന്നാല്‍ സംസ്ഥാന സര്‍ക്കാർ വീടൊന്നിന് 4 ലക്ഷം രൂപ നിശ്ചയിച്ച് ബാക്കി തുകയായ 3,28,000 രൂപ നല്‍കി വരുന്നു. ഈ പദ്ധതിക്കുള്ള 2024 -25 ലെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലും ഇതുപോലെ തന്നെയുള്ള കാര്യമാണുള്ളത്. ഇതിന് സംസ്ഥാന വിഹിതമായി 133 കോടി രൂപ വകയിരുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പിഎംഎവൈ ഗ്രാമീൺ അർബൻ എന്നീ പദ്ധതികൾക്ക് ബ്രാൻഡിങ് നല്‍കണമെന്ന കേന്ദ്ര നിബന്ധന ഉപഭോക്താക്കൾക്ക് അഭിമാനക്ഷതം ഉണ്ടാക്കുന്നതാണ് സംസ്ഥാന സര്‍ക്കാർ ഇത് സംബന്ധിച്ചുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അർഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയി. അതുകാരണം ഈ പദ്ധതിക്കുള്ള കേന്ദ്രവിഹിതം കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ട അവസ്ഥയിലാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീട് ലഭിക്കുന്നവരുടെ വ്യക്തിത്വം അടിയറവ് വയ്‌ക്കുന്ന നയങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഭവന നിര്‍മാണ മേഖലയ്‌ക്കായി 57.62 കോടിയാണ് വകയിരുത്തുന്നത്. ഇതില്‍ ഹൗസിങ് ബോര്‍ഡിന് 39.56 കോടി രൂപയും ഭവന വകുപ്പിന് 1.06 കോടി രൂപയും ഉൾപ്പെടുന്നു.
താഴ്‌ന്ന വരുമാനക്കാര്‍ക്ക് വായ്‌പാ ബന്ധിത സബ്‌സിഡി അനുവദിക്കുന്ന ഇഡബ്ലൂഎസ് എല്‍ഐജി ഭവന പദ്ധതിക്കായി 6 കോടി രൂപയും നീക്കിവയ്‌ക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വാര്‍ദ്ധക്യ സൗഹൃദ ഭവനം എന്ന പുതിയ പദ്ധതിയും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി ഭവന നിര്‍മാണ ബോര്‍ഡിന് പ്രാഥമികമായി 2 കോടി രൂപ നീക്കിവയ്‌ക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
എംഎൻ ലക്ഷംവീട് പുനര്‍നിർമാണ ഭവന പദ്ധതിയില്‍ നിർമിച്ച 9004 വീടുകൾ വാസയോഗ്യമല്ലാത്ത നിലയിലാണ്. എംഎൻ ലക്ഷംവീട് പുനര്‍നിർമാണത്തിനായി സുവര്‍ണ ഭവനം, നവയുഗ എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളാണ് വിഭാവനം ചെയ്‌തത്. ഈ രണ്ട് പദ്ധതികൾക്കുമായി 10 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മിതി കേന്ദ്രയുടെ പ്രവര്‍ത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തുന്നു, മറൈൻ ഡ്രൈവില്‍ ഭവനനിര്‍മാണ ബോര്‍ഡ് നാഷണല്‍ ബില്‍ഡിങ് കൺസ്ട്രക്ഷൻ കോര്‍പ്പറേഷൻ ലിമിറ്റഡുമായി ചേര്‍ന്ന് 3,59,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 35, 24,337 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള റസിഡൻഷ്യല്‍ കോംപ്ലക്‌സും പരിസ്ഥിതി സൗകര്യ പാര്‍ക്കുകളും 19,42,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പാര്‍ക്കിങ് സൗകര്യമുൾപ്പെടുത്തി 2150 കോടി രൂപ ചിലവില്‍ അന്താരാഷ്‌ട്ര വാണിജ്യ ഭവന സമുച്ചയം നിര്‍മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.