തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് (ഒക്‌ടോബര്‍ 15) അവസാനിക്കും. മൂന്ന് നിയമ നിര്‍മാണങ്ങള്‍ ഇന്ന് സഭ പരിഗണിച്ചേക്കും. ശബരിമല സ്‌പോര്‍ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ തര്‍ക്കത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഇന്ന് പരിഹാരം പ്രഖ്യാപിച്ചേക്കും. സ്‌പോര്‍ട് ബുക്കിങ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യതയേറെ. അതേസമയം സബ്‌മിഷനായി വിഷയം വരുമെന്നാണ് ലഭിക്കുന്ന സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായുള്ള നിയമസഭ സമ്മേളനമായത് കൊണ്ട് തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉയര്‍ത്തിയേക്കും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടുന്ന എക്‌സാലോജിക്- സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഉന്നയിക്കും.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും സഭയില്‍ ശ്രദ്ധ ക്ഷണിക്കലായും വരും. കൂടാതെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍ അടക്കം മൂന്ന് നിയമ നിര്‍മാണങ്ങളും സഭ ഇന്ന് പരിഗണിക്കും.