തിരുവനന്തപുരം: നിയമസഭ നടപടികൾ പൂർണ തോതിൽ ആരംഭിച്ച ആദ്യ ദിനത്തിൽ ചോദ്യങ്ങൾ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച ചോദ്യങ്ങൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടുകയും സ്‌പീക്കർ എ എൻ ഷംസീർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്‌തു. ഇതോടെ സഭയിൽ 'പി വി അല്ല പി ആർ വിജയൻ' എന്നെഴുതിയ പ്ലക്കാര്‍ഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
പിന്നാലെ ഭരണകക്ഷി അംഗങ്ങൾ ചോദ്യം ചോദിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ എംഎൽഎമാർ ബഹളം തുടർന്നു. ചോദ്യങ്ങൾക്കെല്ലാം വിശദമായ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. പിന്നാലെ അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങിയാൽ മൈക്ക് ഓൺ ആക്കി നൽകാമെന്ന് സ്‌പീക്കർ പറയുകയും പിന്നാലെ അംഗങ്ങൾ തിരികെ ഇരിപ്പിടത്തിലേക്ക് പോകുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമസഭ ഇന്ന് പുനഃരാരംഭിച്ചത് മുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന് ചോദ്യം ചോദിക്കാനുള്ള അവകാശം പോലും നല്‍കുന്നില്ലെന്നും പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സതീശൻ ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ ഏറ്റവും പ്രാധാന്യമുള്ള 49 ചോദ്യങ്ങള്‍ അവഗണിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിച്ചുപോകാൻ സര്‍ക്കാരിനെ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നക്ഷത്ര ചിഹ്നമിട്ട പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്നും സതീശൻ നിയമസഭയില്‍ പറഞ്ഞു.
അവഗണിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍, മുഖ്യമന്ത്രിയെ സ്‌പീക്കര്‍ക്ക് ഭയമെന്ന് പ്രതിപക്ഷം: പ്രതിപക്ഷത്തെ യാതൊരു തരത്തിലും അവഗണിച്ചിട്ടില്ലെന്നും യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും സഭയില്‍ ചോദ്യം ചോദിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനും അനുവദിച്ചിട്ടുണ്ടെന്നും സ്‌പീക്കര്‍ എഎൻ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച 49 ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കുമെന്നും ഓരോ ചോദ്യങ്ങളോടും സര്‍ക്കാര്‍ പ്രതികരിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി. എന്നാല്‍ ഷംസീറിന് മുഖ്യമന്ത്രിയെ ഭയമാണെന്ന തരത്തില്‍ മുദ്രവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. 'ആര്‍ക്കുവേണ്ടി സ്‌പീക്കറെ.... ഭയമാണ് ഭയമാണ് ഭയമാണ് പ്രശ്‌നം... അയ്യയ്യേ നാണക്കേട്.. എല്ലാം ഇവിടെ നാടകമാണ്' ഉള്‍പ്പെടെയുള്ള മുദ്രവാക്യം വിളിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. സ്‌പീക്കറുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്‌പീക്കര്‍ രാജിവയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.