കാസർകോട്: രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള സാരിയാണ് 'കാസർകോട് സാരി'. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കാസർകോട് സാരിക്കൊപ്പം ഇനി 'കാസരി പാവകളും' നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. അലക്കുംതോറും തിളക്കം കൂടിവരുന്ന കാസർകോട് സാരി പോലെ തന്നെ ഏറെക്കാലം നീണ്ടു നിൽകുന്നതാണ് കാസരി പാവകൾ.
നെല്ലിക്കുന്ന് സ്വദേശിനി മാളവികയാണ് കാസർകോട് സാരിത്തുണ്ടുകൾ ഉപയോഗിച്ച് പാവയ്ക്ക് രൂപം നൽകിയത്. രണ്ടുതരം പാവകൾ മാളവിക ഉണ്ടാക്കുന്നുണ്ട്. തടികൊണ്ടുള്ള മുഖത്തോടുകൂടിയ വലിയ പാവകളും സാരിത്തുണി മാത്രമുപയോഗിച്ചുള്ള ചെറിയ പാവകളും. ചെറുപാവകൾ വാഹനങ്ങളിൽ അലങ്കാരമായി തൂക്കിയിടാനുമാകും. ഉപയോഗശൂന്യമായതും, നെയ്യുമ്പോൾ തകരാർ വന്നതും, വിറ്റുപോകാത്തതുമായ സാരികളും 'കാസരി' പാവയുടെ നിർമാണത്തിനുപയോഗിക്കാമെന്ന് മാളവിക പറയുന്നു.
നെയ്‌ത്തുകാരോടും സുഹൃത്തുക്കളോടും ചർച്ച ചെയ്‌താണ് 'കാസരി' എന്ന പേര് കണ്ടെത്തിയത്. ഒരു മണിക്കൂർ കൊണ്ട് ചെറിയ പാവകൾ നിർമ്മിക്കും. അമ്പതോളം പാവകൾ ഇപ്പോൾ നിർമിച്ചിട്ടുണ്ട്. വിവിധ വർണത്തിലും രൂപത്തിലും ആരുടെയും മനം മയക്കുന്നതാണ് ഈ പാവകൾ. ഇനി കേരളത്തിലും പുറത്തും നടക്കുന്ന പ്രദർശനങ്ങളിൽ കാസർകോട് സാരിക്കൊപ്പം കാസരി പാവയും ഇടം പിടിക്കും. സാരിയോടൊപ്പം കാസരി പാവകളും ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കണമെന്നാണ് ആഗ്രഹമെന്ന് മാളവിക പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാസർകോട് കലക്‌ടർ കെ ഇമ്പശേഖറിന്‍റെ ഇന്‍റേണായി മാളവിക പ്രവർത്തിച്ചിരുന്നു. കാസരി പാവയെന്ന ആശയത്തിന് പിന്നിൽ ഇന്‍റേണായിരുന്നപ്പോൾ നെയ്ത്തുസംഘങ്ങളും കാസർകോട് സാരിയുമൊക്കെയായി ബന്ധപ്പെട്ട് പ്രവർത്തിക്കാനിടയായതാണ് ഈ ചിന്തയിലേക്ക് നയിച്ചതെന്ന് മാളവിക പറഞ്ഞു.
മംഗളൂരു സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കിയാണ് മാളവിക കലക്‌ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിൽ ചേർന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിലെ കാസർകോട് സാരി സ്പെഷ്യൽ ഓഫിസർ ആദിൽ മുഹമ്മദും മാർഗനിർദേശം നൽകി.
Also Read : ലൈന്‍ ബസില്‍ ചൂടിന് ബൈ ബൈ; കാസർകോടന്‍ ഗ്രാമങ്ങളില്‍ 'കൂള്‍' ബസ് ഹിറ്റ്