കാസർകോട്: കാസർകോട് പാലായിൽ ഭക്ഷ്യവിഷബാധ. നീലേശ്വരം പാലായിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.
സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള അമ്പതോളം പേരാണ് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ (03-04-2024) അന്നദാനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. ഛർദിയും വയറുവേദനയും വയറിളക്കവുമായി ഇന്ന് രാവിലെ മുതൽ ആളുകൾ ആശുപത്രിയിലെത്തുകയായിരുന്നു.
ഇന്ന് രാവിലെ മുതലാണ് നിരവധി പേര്‍ ഛര്‍ദ്ദിയും തലവേദനയും പിടിപെട്ട് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. താലൂക്ക് ആശുപത്രിക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രിയിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. ആദ്യം കുട്ടികളാണ് ചികിത്സ തേടിയത്.
കുട്ടികള്‍ തറവാട് ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തിയ ഐസ്ക്രീം കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പ്രായമുള്ളവരും അസുഖം ബാധിച്ച് ചികിത്സക്കെത്തിയതോടെയാണ് ഐസ്ക്രീം അല്ല വില്ലനെന്ന് മനസിലായത്.
അതേസമയം ഭക്ഷ്യവിഷബാധയില്‍ ആശങ്ക വേണ്ടെന്നും, ആര്‍ക്കും ഗുരുതരമല്ലെന്നും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം ടി മനോജ് പറഞ്ഞു. നഗരസഭ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.