കാസർകോട്: ചെറുവത്തൂർ മയിച്ച എൽ പി സ്‌കൂളിലെ പ്രവേശനോത്സവത്തിന് ഇത്തവണയും തിളക്കമില്ല. ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന മയിച്ച എൽ പി സ്‌കൂളിലേക്ക് ഈ അധ്യയന വർഷത്തിൽ പ്രവേശനം നേടിയത് വെറും നാല് കുട്ടികൾ മാത്രമാണ്. സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാത്തതും, വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് കുട്ടികൾ മറ്റ് സ്‌കൂളുകളിലേക്ക് പോകാൻ കാരണം.
ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നൂറ് വർഷത്തിലധികം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. രണ്ട് വർഷം മുൻപ് പൊളിച്ചിട്ട സ്‌കൂളിന് പകരം കെട്ടിടം നിർമ്മിക്കാത്തതാണ് മയിച്ച ഗവൺമെന്‍റ് എൽ പി സ്‌കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി. കെട്ടിട നിർമ്മാണത്തിനായി മൂന്ന് കോടി രൂപ സർക്കാർ നീക്കി വച്ചെങ്കിലും ടെണ്ടർ നടപടികൾ ഇത് വരെ ആരംഭിച്ചിട്ടില്ല. മണ്ണ് പരിശോധന മാത്രമാണ് നടന്നത്.
കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനോത്സവം പേരിനു മാത്രമായിരുന്നു നടന്നത്. ക്ഷേത്രത്തിൽ ഉൽസവം നടക്കുമ്പോൾ വിദ്യാർഥികൾക്ക് ലീവ് കൊടുക്കേണ്ട അവസ്ഥ ആണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളെ സമീപത്തെ വീട്ടിൽ എത്തിച്ച് പഠിപ്പിച്ചിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലന്നാണ് ക്ഷേത്രം ഭാരവാഹികളും പറയുന്നത്. പഞ്ചായത്ത് വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
ഓരോ വർഷം കഴിയുന്തോറും ഇവിടെ കുട്ടികൾ കുറയുകയാണ്. കഴിഞ്ഞ വർഷം 57 പേർ ഉണ്ടായിരുന്നത് ഇത്തവണ നാൽപതിന് അടുത്തെത്തി. നിലവിൽ പഠിച്ചിരുന്നവരെ രക്ഷിതാക്കൾ ടിസി വാങ്ങി മറ്റ് വിദ്യാലയങ്ങളിലേക്ക് അയക്കുന്ന സ്ഥിതിയുമുണ്ട്. കേരളത്തിലെ മറ്റു സ്‌കൂളുകൾ സ്‌മാർട്ട് ആക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും മയ്യിച്ച സ്‌കൂളിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.