കാസർകോട് : ഉത്സവമായതോടെ, ക്ഷേത്രക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌കൂള്‍ മാറ്റിയത് സമീപവാസിയുടെ വീട്ടിലേക്ക്. സംസ്ഥാനത്തെ സ്‌കൂളുകൾ എല്ലാം സ്‌മാർട്ടാവുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കാസർകോട് ജില്ലയിലെ മയിച്ച ഗവ എൽപി സ്‌കൂളിന്‍റെ സ്ഥിതി പരിതാപകരമാണ്.
രണ്ടുവർഷമായി സ്‌കൂൾ കെട്ടിടം പൊളിച്ചിട്ട്. എന്നാൽ പകരം കെട്ടിടമുയർന്നില്ല. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോള്‍ മറ്റ് സ്‌കൂളുകൾ ഗംഭീരമായി പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഇവിടെ ആഘോഷങ്ങൾ ഉണ്ടാകാറില്ല. അതിനിടയിലാണ് ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ കിടപ്പുമുറികൾ ക്ലാസ് മുറികളാക്കേണ്ടി വന്ന ദുരവസ്ഥയുമുണ്ടായത്.
അപകടാവസ്ഥയിലായ സ്‌കൂൾ കെട്ടിടം 2 വർഷം മുൻപ് പൊളിച്ചുമാറ്റിയ ശേഷം മയിച്ച–വെങ്ങാട്ട് വയൽക്കര ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു സ്‌കൂളിന്‍റെ പ്രവർത്തനം. എന്നാൽ, പൂരോത്സവം തുടങ്ങിയതോടെ കുട്ടികൾക്കും അധ്യാപകർക്കും അവിടെ നിന്ന് മാറേണ്ടി വന്നു.
പരേതനായ മുൻ അധ്യാപകൻ കെ അമ്പാടിയുടെ വീട് വിദ്യാലയമായി പ്രവർത്തിക്കാൻ വിട്ടുകൊടുത്തിരുന്നു. ആകെ 4 ഡിവിഷനുകളുള്ള സ്‌കൂളിലെ 3 ഡിവിഷനുകൾ 3 കിടപ്പ് മുറികളിലും മറ്റൊന്ന് നടുമുറ്റത്തുമായാണ് സജ്ജീകരിച്ചത്. ഉച്ചക്കഞ്ഞി വീടിന്‍റെ അടുക്കളയിൽ ഉണ്ടാക്കി. സ്‌കൂളിലെ 50 ഓളം കുട്ടികൾ കളിസ്ഥലമാക്കിയത് ആ വീടിന്‍റെ മുറ്റവും.
ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടന്ന ദിവസങ്ങളിലെല്ലാം സമീപത്തെ വീടിനെ തന്നെ കുട്ടികൾക്ക് ആശ്രയിക്കേണ്ടി വന്നു. രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തിയെങ്കിലും മറ്റ് മാർഗമില്ലെന്ന് നിസഹായതയോടെ അധ്യാപകർ പറയുന്നു. പുതിയ കെട്ടിടം ഉയരാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ കുട്ടികളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാൻ ആലോചിക്കുകയാണ് രക്ഷിതാക്കൾ.
സാങ്കേതികത്വത്തിൽ കുരുങ്ങിയ കെട്ടിടനിർമാണ ഫണ്ടിന് ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. എം.രാജഗോപാലൻ എംഎൽഎ ഇടപെട്ട് 2.99 കോടി രൂപ കാസർകോട് വികസന പാക്കേജിൽ നിന്നാണ് അനുവദിച്ചത്. ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒരു കോടി രൂപയാണ് അനുവദിച്ചതെങ്കിലും പിന്നീട് സുരക്ഷ കണക്കിലെടുത്ത് എസ്റ്റിമേറ്റിൽ മാറ്റം വരുത്തി.
ക്ഷേത്രത്തിന്‍റെ സഹായം കൊണ്ടുമാത്രമാണ് 2 വർഷമായി വിദ്യാലയത്തിന്‍റെ പ്രവർത്തനം മുന്നോട്ടുപോയത്. വാടക ഈടാക്കാതെയും കറന്‍റ് ബിൽ അടച്ചും ക്ഷേത്ര ഭാരവാഹികൾ പഠനത്തിന് സഹായമൊരുക്കി. പൂരോത്സവം തുടങ്ങിയതോടെ ക്ഷേത്ര സമിതിയുമായി ആലോചിച്ചാണ് പിടിഎ സമീപത്തെ വീട് കണ്ടെത്തിയത്. സാധാരണ ഭക്ഷണ കമ്മിറ്റി ഓഫീസിലാണ് അധ്യാപകരുടെ ഇരിപ്പിടം. വിവാഹമോ, ക്ഷേത്രത്തിലെ മറ്റ് ആഘോഷങ്ങളോ നടക്കുന്ന ദിവസങ്ങളിൽ സ്‌കൂളിന് അവധിയും നൽകും.
കൂടാതെ ക്ഷേത്രത്തിൽ അന്നദാനം നടക്കുന്ന സമയത്ത് ഒന്നും കുട്ടികൾക്ക് ക്ലാസ് എടുക്കാൻ സാധിക്കില്ല. കുട്ടികളെയും കൂട്ടി അധ്യാപകർ പുറത്ത് ഇരിക്കണം. ബെഞ്ചും ഡെസ്‌കും എല്ലാം അധ്യാപകർ തന്നെ മാറ്റിക്കൊടുക്കണം. സൗകര്യം ഇല്ലാതായതോടെ ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടാകുന്നത്.കെട്ടിടം പൂർത്തിയാക്കാൻ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുട്ടികളില്ലാതെ ഈ വിദ്യാലയവും ഓർമയായി മാറും.