കണ്ണൂര്‍ : കള്ളവോട്ട് പരാതിയില്‍ പോളിങ്ങ് ഓഫിസറേയും ബിഎല്‍ഒയേയും (ബൂത്ത് ലെവല്‍ ഓഫിസര്‍) സസ്‌പെന്‍ഡ് ചെയ്‌ത് കണ്ണൂര്‍ ജില്ല കലക്‌ടറും തെരഞ്ഞെടുപ്പ് ഓഫിസറും കൂടിയായ അരുണ്‍ കെ വിജയൻ. കണ്ണൂർ നിയാേജക മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്തിലെ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ എല്‍ഡിഎഫായിരുന്നു പരാതി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു നടപടി.
കല്യാശ്ശേരിയിലെ കള്ളവോട്ട് വിവാദത്തിന് പിന്നാലെയാണ് യുഡിഎഫിനെതിരെ ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്. ഇന്നലെയാണ്, കണ്ണൂർ നിയാേജക മണ്ഡലത്തിലെ 70ാം നമ്പർ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും അംഗൻവാടി ടീച്ചറുമായ ബിഎൽഒ കെ ഗീത ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചതായി എല്‍ഡിഎഫ് ആക്ഷേപമുന്നയിച്ചത്. കീഴ്‌ത്തള്ളി ബികെപി അപ്പാര്‍ട്ട്‌മെന്‍റലെ 86കാരിയായ കെ കമലാക്ഷിക്കായിരുന്നു വീട്ടുവോട്ട് ഉണ്ടായിരുന്നത്.
ബൂത്ത് ലെവല്‍ ഓഫിസറായ കോണ്‍ഗ്രസ് പ്രവര്‍ത്തക അതേ ബൂത്തിലെ താഴെചൊവ്വ ബണ്ട് പാലം കൃഷ്ണ കൃപയിൽ വി കമലാക്ഷിയെക്കൊണ്ട് അവരുടെ വീട്ടിൽ പോയി വോട്ട് ചെയ്യിക്കുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. ബിഎല്‍ഒയ്‌ക്ക് രണ്ടും വ്യത്യസ്‌ത വ്യക്തികളാണെന്ന് അറിയാം. വോട്ട് രേഖപ്പെടുത്തിയ വി കമലാക്ഷിയ്‌ക്ക് 83 വയസ് മാത്രമായതിനാല്‍ വീട്ടുവോട്ടിന് അവകാശം ഇല്ലെന്നും ഇവര്‍ പറയുന്നു.
യുഡിഎഫിന് വോട്ട് ഉറപ്പിക്കാനായി ബിഎല്‍ഒ ബോധപൂര്‍വം നടത്തിയ ആള്‍മാറാട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം സെക്രട്ടറിയാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ നിയമസഭ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫിസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
വിശദമായ അന്വേഷണത്തിന് അസി. കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, ജില്ല ലോ ഓഫിസര്‍ എ രാജ്, അസി.റിട്ടേണിങ്ങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്‌ടര്‍ (ആര്‍ ആര്‍) ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്‌ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്‌ത വോട്ടിന്‍റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്കെതിയുള്ള നടപടി.
അതേസമയം, ഈ സംഭവത്തിന് പിന്നാലെ പയ്യന്നൂരിലും സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. പയ്യന്നൂർ നിയോജകമണ്ഡലം കോറോം വില്ലേജ് 54ാം ബൂത്തിൽ 720ാം ക്രമ നമ്പർ വോട്ടർ വി.മാധവൻ വെളിച്ചപ്പാടിന്‍റെ ഹോം വോട്ടിങ്, അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ ബാഹ്യ ശക്തികൾ ഇടപെട്ട് ചെയ്‌തതായാണ് യുഡിഎഫിന്‍റെ പരാതി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിഎല്‍ഒയും തന്‍റെ മകൻ വീട്ടിലെത്തിയിട്ട് വോട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടും, അത് വകവയ്ക്കാതെ അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വോട്ട് രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യാനാവാത്ത സ്ഥിതി സൃഷ്‌ടിച്ച ഉദ്യോഗസ്ഥ നടപടിയിൽ അദ്ദേഹത്തിനും കുടുംബത്തിനും വലിയ അമർഷമുണ്ട് എന്നുമാണ് യുഡിഎഫ് ആരോപണം.
Also Read : കല്യാശ്ശേരി കള്ളവോട്ടിൽ റീ പോൾ സാധ്യമല്ല; വോട്ട് അസാധുവാക്കുമെന്ന് കലക്‌ടർ - Collector On Kalyassery Fake Vote
അടിയന്തരമായി 54ാം ബൂത്തിലെ ക്യാമറ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അധികാരം ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കള്ളവോട്ട് ആരോപണത്തിൽ കണ്ണൂർ ജില്ലയിലെ യുഡിഎഫ് എൽഡിഎഫ് രാഷ്ട്രീയം തിളച്ചുമറിയുന്നത്.