കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഒരു ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ല കലക്‌ടര്‍. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടര്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കലക്‌ടർ അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. പെട്രോള്‍ പമ്പിന്‍റെ എന്‍ഒസി ഫയല്‍ നവീന്‍ ബാബുവിന്‍റെ കൈവശമുണ്ടായിരുന്നത് ആറ് ദിവസം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പമ്പിന് അനുമതി നല്‍കരുതെന്ന രണ്ട് റിപ്പോര്‍ട്ടുകളുള്ള ഫയലാണ് നവീന് ലഭിച്ചത്. വളവില്‍ പമ്പ് അനുവദിക്കരുതെന്ന പിഡബ്ല്യുഡി റിപ്പോര്‍ട്ടും വളവില്‍ അപകട സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടുമായിരുന്നു അത്.
ഇവ പരിശോധിച്ച ശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയതെന്നും കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ പൊലീസ് ഇന്ന് (ഒക്‌ടോബര്‍ 18) ചോദ്യം ചെയ്‌തേക്കും. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്‍റെ മൊഴിയും രേഖപ്പെടുത്തും.
നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. ജില്ല കമ്മിറ്റിയിൽ നിന്നും ദിവ്യയെ നീക്കിയേക്കും എന്ന സൂചനയുമുണ്ട്.