കണ്ണൂര്‍: വയനാട്ടിലേക്കോ കൂത്തുപറമ്പിലേക്കോ പോകുന്ന സഞ്ചാരികള്‍ കോട്ടത്ത് മമ്പറം പാലത്തിന്‍റെ അടുത്തെത്തിയാല്‍ കണ്ണൊന്നുടക്കും. പാലം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് 'ഡബിള്‍ ഓംലറ്റ്' തട്ടുകടയുടെ ബോര്‍ഡ് കണ്ടാല്‍ ബ്രേക്കിടാത്ത ചെറുവാഹനങ്ങള്‍ കുറവാണ്. മമ്പറം പുഴയിലെ കരിമീന്‍, ചെമ്പല്ലി, കാളാഞ്ചി എന്നീ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ കറിയും കപ്പയുമാണ് ഭക്ഷണ പ്രിയരെ ഇവിടേക്ക് ആകർഷിക്കുന്നത്.
മമ്പറം പുഴയില്‍ നിന്നുള്ള ശുദ്ധമായ മീനും ഡബിള്‍ ഓംലറ്റ് കടയിലെ കപ്പയും കറിയും രുചിച്ചവര്‍ പിന്നീട് വീണ്ടും വീണ്ടും ഇവിടെ എത്താറുണ്ട്. പലഹാരങ്ങളിലുമുണ്ട് ഇവിടുത്തെ പ്രത്യേകത. ഫ്രഷ് മീന്‍ കറിയും കപ്പയും തന്നെയാണ് ഈ തെരുവോര തട്ടുകടയിലെ പ്രധാന ഇനം. കപ്പകൊണ്ടുള്ള കോഴിക്കാലും കിഴങ്ങു പൊരിയും മാത്രമല്ല, മസാല ചേര്‍ത്ത റൊട്ടി പൊരിച്ചതും ഇവിടെ നിന്ന് കഴിക്കാം.
ലഭ്യതക്കനുസരിച്ച് ഓരോ ദിവസവും മത്സ്യ ഇനങ്ങളിലും മാറ്റം വരും. ഉച്ചക്ക് രണ്ട് മണിയോടെയാണ് കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലെ 'ഡബിള്‍ ഓംലറ്റ്' തട്ടുകട സജീവമാകുന്നത്. ആദ്യം എണ്ണ പലഹാരങ്ങളായ പഴം പൊരിയിലാണ് തുടക്കം. തൊട്ടു പുറകേ ബോണ്ട, പരിപ്പു വട, സുഖിയന്‍, കായുണ്ട എന്നിവ പൊരിച്ചു കോരും. ഇവയുടെ എല്ലാം ചേരുവ കടയുടമ ബിജുവിന്‍റെ വീട്ടില്‍ നിന്ന് സ്ത്രീകള്‍ തയ്യാറാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്ന് മണിയോടെ പുട്ട്, കപ്പ, പത്തിരി തുടങ്ങിയ മിക്‌സിങ് വിഭവങ്ങളും തയ്യാറാക്കലാണ്. ഭക്ഷണ പ്രിയരുടെ രുചി താത്പര്യമനുസരിച്ച് ചിക്കന്‍, ബീഫ്, മുട്ട എന്നിവ മിക്‌സ് ചെയ്‌ത് നല്‍കും. 2018 ലാണ് കോട്ടത്തെ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ കെവി ബിജു ഈ തട്ടുകട ആരംഭിച്ചത്. നിറങ്ങളോ കൃത്രിമ രുചിക്കൂട്ടുകളോ ഇല്ലാത്ത പരമ്പരാഗത നാടന്‍ ഭക്ഷണത്തോടൊപ്പം ന്യൂജന്‍കാരുടെ മിക്‌സിങ് ഭക്ഷണവും നല്‍കി തുടങ്ങി.
ഇതോടെ പോക്കറ്റ് കാലിയാകാതെ രുചി വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ക്കും മറ്റും ഭക്ഷണ പ്രിയര്‍ ഈ തട്ടുകടയിലെത്തിച്ചേരുന്നു. കപ്പയും പുഴമീന്‍ കറിയുമാണ് ഒരു വിഭാഗം ജനങ്ങളെ ഇവിടെ ആകര്‍ഷിക്കുന്നത്. മാലിന്യമില്ലാത്ത മമ്പറം പുഴയിലെ മീനും വീട്ടിലെ സ്ത്രീകളുടെ കൈപുണ്യവും എല്ലാം രുചിയുടെ രഹസ്യങ്ങളില്‍ പെടും.
ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ചാല്‍ കടയുടമ ബിജുവിനും സഹോദരന്‍ വിജേഷിനും നിന്നു തിരിയാന്‍ സമയമില്ല. യാത്രികരും നാട്ടുകാരും കടയില്‍ നിന്ന് കഴിക്കുന്നതിന് പുറമേ വീട്ടിലേക്കുള്ള പാഴ്‌സലും കൊണ്ടു പോകുന്നു. റോഡരികിലാണ് കടയെങ്കിലും എല്ലാം തികഞ്ഞ വൃത്തിയോടെയായിരിക്കണമെന്ന് ഉടമ ബിജുവിന് നിര്‍ബന്ധമുണ്ട്. ഇതൊക്കെയാണ് മനസറിഞ്ഞ് രുചി തേടിയെത്തുന്നവരൂം 'ഡബിള്‍ ഓംലറ്റ്' തട്ടുകടയില്‍ സ്ഥിരമായി എത്തുന്നത്.
Also Read:ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ ? ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്