കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 19) കണ്ണൂര്‍ ജില്ല കലക്‌ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി രേഖപ്പെടുത്തും. എഡിഎമ്മിന്‍റെ മരണത്തിന് പിന്നാലെ കലക്‌ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി. സംഭവത്തില്‍ ആരോപണ വിധേയയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പിപി ദിവ്യയുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേസില്‍ ഇതുവരെ 9 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എഡിഎമ്മിനെതിരെ പരാതി നല്‍കിയ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്‍റെ മൊഴി ഇന്നലെ (ഒക്‌ടോബര്‍ 18) പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ 15നാണ് കണ്ണൂര്‍ എഡിഎമ്മിനെ ക്വാട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയായിരുന്നു ദിവ്യയുടെ അഴിമതി ആരോപണം.
സംഭവത്തില്‍ കലക്‌ടര്‍ക്കെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ദിവ്യയെത്തിയത് കലക്‌ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് അന്വേഷണം സംഘം കലക്‌ടറുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.