തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റവന്യൂ-ദേവസ്വം സെക്രട്ടറി ടി വി അനുപമ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സി വി പ്രകാശ്, ഡോ.കെ ഓമനക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സംഗീതത്തിലൂടെ ശബരിമലയെയും സ്വാമി അയ്യപ്പനെയും ജനമനസുകളില്‍ പ്രതിഷ്‌ഠിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
1993 ല്‍ പൈതൃകം എന്ന ചിത്രത്തിലെയും 1996 ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെയും ഗാനരചനയക്ക് കൈതപ്രത്തിന് സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2021 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിക്കുകയുണ്ടായി. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗ്ഗാത്മക പ്രവവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 2012 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ഇതുവരെയുള്ള ഹരിവരാസന പുരസ്‌കാര ജേതാക്കള്‍:
- 2012-കെ ജെ യേശുദാസ്
- 2013-കെ ജി ജയന്‍
- 2014-പി ജയചന്ദ്രന്‍
- 2015-എസ് പി ബാലസുബ്രഹ്മണ്യം
- 2016-എംജി ശ്രീകുമാര്‍
- 2017-ഗംഗൈ അമരന്‍
- 2018-കെ എസ് ചിത്ര
- 2019-പി സുശീല
- 2020-ഇളയരാജ
- 2021-വീരമണി
- 2022-ആലപ്പി രംഗനാഥ്
- 2023-ശ്രീകുമാരന്‍ തമ്പി
- 2024-പി കെ വീരമണി ദാസന്‍
Also Read: കഷ്ടപ്പാടുകൾക്ക് ലഭിച്ച അംഗീകാരമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി - കൈതപ്രം ദാമോദരന്‍ നമ്പൂതിരി