കോഴിക്കോട്: പോസ്‌റ്ററിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഗാനവും വിവാദത്തിൽ. ഗാനത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വരിയാണ് വിവാദമായത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനംപുറത്ത് വന്നത് (K Surendran Padayathra Song Controversy).
“ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ… താമരയ്ക്ക് കൊടി പിടിക്ക് കൂട്ടരേ…” -എന്നതാണ് ഗാനത്തിലെ വരികൾ. പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ പോസ്‌റ്ററിനെതിരെ വിമർശനം ഉയർന്നിരുന്നു. കോഴിക്കോട് നടക്കാനിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്‌റ്ററിൽ ഉച്ചഭക്ഷണം എസ്‌സി, എസ്‌ടി നേതാക്കളോടൊപ്പം എന്ന് നൽകിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇതിന് പിന്നാലെയാണ് കേരള പദയാത്രയുടെ ഔദ്യോഗിക ഗാനവും പുലിവാല് പിടിച്ചത്. പോസ്‌റ്ററിനെ ന്യായീകരിച്ച സുരേന്ദ്രൻ പക്ഷേ പാട്ടിന്‍റെ വിഷയത്തിൽ ഐടി സെൽ സെക്രട്ടറിയോട് വിശദീകരണം തേടി.