തിരുവനന്തപുരം: കോണ്‍ഗ്രസ് സമരാഗ്നിയുടെ സമാപന ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് സദസ് കാലിയായതിലെ നീരസം പരസ്യമാക്കി കെപിസിസി പ്രസിഡന്‍റെ കെ സുധാകരൻ. പിന്നാലെ പ്രസംഗിക്കാനെത്തിയപ്പോള്‍ സുധാകരന് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താൻ ദീർഘമായി പ്രസംഗിക്കുന്നില്ലെന്നും കാരണം കളം കാലിയായത് കൊണ്ടാണെന്നും പറഞ്ഞു കൊണ്ടായിരുന്നു കെ സുധാകരൻ വേദിയിൽ പ്രസംഗം ആരംഭിച്ചത്. കുറച്ചു നേരം കൂടിയിരുന്നാൽ ലോകം അവസാനിക്കുമോയെന്നും അദ്ദേഹം പരിപാടിയിലിരുന്ന പ്രവർത്തകരോട് ചോദിച്ചു.
എന്നാല്‍ അഞ്ച് മണിക്കൂറായി വെയിലത്ത് നില്‍ക്കുന്നത് കൊണ്ടാണ് വേഗത്തില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതെന്ന് സുധാകരന്‍ മറുപടി നല്‍കി വിഡി സതീശന്‍. അതുകൊണ്ട് അക്കാര്യത്തില്‍ പ്രസിഡന്‍റിന് വിഷമം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
12 പേരാണ് വേദിയിൽ പ്രസംഗിച്ചതെന്നും അതെല്ലാം അവര്‍ വെയിലത്ത് നിന്ന് കൊണ്ട് കേട്ടുവെന്നും നമ്മുടെ പ്രവർത്തകരല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വൈകിട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ സമരാഗ്നിയുടെ സമാപന ചടങ്ങ് 6 മണിക്കായിരുന്നു ആരംഭിച്ചത്. പരിപാടി ആരംഭിക്കുന്നത് മണിക്കൂറുകള്‍ മുമ്പ് തന്നെ മൈതാനത്ത് ആളുകള്‍ എത്തിയിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരുടെ പ്രസംഗത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ സദസിൽ നിന്നും മടങ്ങാന്‍ ആരംഭിച്ചത്. ഹിന്ദിയും ഇംഗ്ലീഷും ചേർന്ന പ്രസംഗമായിരുന്നു രേവന്ത് റെഡ്‌ഡിയുടേതെങ്കിൽ പൂർണമായും ഇംഗ്ലീഷിലായിരുന്നു സച്ചിൻ പൈലറ്റിന്‍റെ പ്രസംഗം. ഇരുവരുടെയും പ്രസംഗത്തിന് വിവർത്തനവുമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ മടങ്ങാൻ ആരംഭിച്ചത്.
കൊട്ടിഘോഷിച്ച് നടത്തുന്ന പരിപാടിയിൽ രണ്ട് പേർ പ്രസംഗിച്ചു കഴിയുമ്പോൾ തന്നെ പ്രവർത്തകർ മടങ്ങാൻ ആരംഭിക്കുന്നുവെന്നും കെ സുധാകരൻ വിമർശിച്ചിരുന്നു. സമരാഗ്നിയുടെ ഭാഗമായി പല ഘട്ടങ്ങളിലും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്ക് നേർ വന്നിരുന്നു. ആലപ്പുഴയിൽ നടത്തിയ വാർത്ത സമ്മേളനത്തതിനിടെ ഉണ്ടായ അശ്ലീല പരാമർശം ഉള്‍പ്പെടെ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാപന വേദിയിലും ഇരുവരും തമ്മിലുള്ള പരസ്യമായ അഭിപ്രായ പ്രകടനം.