തിരുവനന്തപുരം: പിവി അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ ആയുധമാക്കി സര്‍ക്കാരിനെതിരെ പുതിയ യുദ്ധമുഖം തുറക്കുകയാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വവും. ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ഉടനീളം സംഘര്‍ഷഭരിതമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മണിക്കൂറുകളോളം തലസ്ഥാന നഗരിയെ സ്‌തംഭിപ്പിച്ചു.
പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് മാരകമായി മര്‍ദിച്ച് തലപൊട്ടിക്കുകയായിരുന്നു. ചാനല്‍ ക്യാമറകളുടെയും മാധ്യമങ്ങളുടെയും മുന്നിലിട്ടായിരുന്നു അബിന്‍ വര്‍ക്കിയെ പൊലീസ് ക്രൂരമായി മര്‍ദിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചത്.
അബിന്‍ വര്‍ക്കി ഉള്‍പ്പെടെ 15 പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റതായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പത്ത് തവണ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. സിപിഎം നേതാക്കളുടെ പടം വച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന സിപിഎം ഗുണ്ടയായ എസ്‌ഐയാണ് മനപൂര്‍വ്വം തന്‍റെ തല അടിച്ചു പൊട്ടിച്ചതെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു.
ചോര വാര്‍ന്നൊലിക്കുന്ന തലയുമായി എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അബിന്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ വിവരമറിഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സ്ഥലത്ത് എത്തിയതോടെ സെക്രട്ടേറിയറ്റ് പരിസരം വീണ്ടും സംഘര്‍ഷഭരിതമായി. ബാരിക്കേഡിന് മുന്നില്‍ നിന്ന ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പൊലീസുകാരുടെ മുന്നിലേക്ക് പാഞ്ഞടുത്ത കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലുന്ന പൊലീസുകാരെ പരസ്യമായി തിരിച്ചു തല്ലാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. പൊലീസിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കാം അല്ലാതെ ലാത്തിവച്ച് അടിച്ച് തല കീറുകയും പെൺകുട്ടികളുടെ ഡ്രസ് കീറുകയുമല്ല വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
അബിന്‍ വര്‍ക്കിക്ക് മര്‍ദനമേറ്റ വിവരമറിഞ്ഞ് അടൂര്‍ പ്രകാശ് എംപി, കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എം ലിജു എന്നിവരും സ്ഥലത്തെത്തി. ലാത്തിചാര്‍ജ് നടത്തിയവരെ വ്യക്തിപരമായി വീട്ടില്‍ കാണുമെന്നായിരുന്നു സുധാകരന്‍റെ ഭീഷണി. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വെടിവച്ചാലും സമര രംഗത്തുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
അതിനിടെ അന്‍വറിന്‍റെ വെളിപ്പെടുത്തലിന്മേല്‍ തുടര്‍ സമര പരമ്പരകള്‍ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാളെ (സെപ്‌റ്റംബര്‍ 6) കെപിസിസിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫുമായി ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ക്കും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.