മലപ്പുറം: സഹോദരി പത്മജ വേണുഗോപാലിനോട് മറുപടി പറയാനില്ലെന്ന് കെ മുരളീധരൻ. പത്മജ ബിജെപിയാണ്, ബിജെപിക്കാർ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം ഞങ്ങൾക്കില്ല. ബിജെപിക്കാർ അവരുടെ അഭിപ്രായം പറയുമെന്നും അവരൊരിക്കലും കോൺഗ്രസിനെ കുറിച്ച് നല്ലത് പറയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികൾ തമ്മിലല്ല പാലക്കാട് മത്സരം നടക്കുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫും എൽഡിഎഫും ബിജെപിയും തമ്മിലാണ് അവിടെ മത്സരം നടക്കുക. അതിനെ രാഷ്‌ട്രീയമായിട്ടാണ് ഞങ്ങൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സന്ദീപ് വാര്യർ ബിജെപി ഉപേക്ഷിച്ച് വന്നാലും അദ്ദേഹത്തെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സന്ദീപ് വാര്യർ ഇടത് പക്ഷത്തേക്ക് പോയാൽ എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് എന്ന അവസ്ഥയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയിരുന്നു. കൽപാത്തി രഥോത്സവം നടക്കുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിയത്. കൽപാത്തി രഥോത്സവത്തിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാൽ അത് പോളിങ്ങിനെ ബാധിക്കുമെന്ന് യുഡിഎഫ് ആണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
യുഡിഎഫിന് പിന്നാലെ ബിജെപിയും അവസാനം എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഏഴ് ദിവസത്തേക്ക് കൂടെ നീട്ടി വച്ചതെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.