തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം റെയിൽവേയ്‌ക്കുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. റെയിൽവേയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അലംഭാവമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം. ജോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.
സർക്കാരും റെയിൽവേയും കൈകോർത്ത് ജോയിയുടെ മാതാവിന് കിടപ്പാടം ഉൾപ്പെടെ ഒരുക്കാൻ തയ്യാറാകണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയാണ് ആകെ നൽകിയിട്ടുള്ളത്. ഇവർക്ക് താമസിക്കുവാനുള്ള സ്ഥലം കണ്ടുപിടിച്ച് വീട് പണിയാൻ തിരുവനന്തപുരം നഗരസഭയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നഗരസഭയ്‌ക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കാനുള്ള ഫണ്ട് ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റെയിൽവേയ്‌ക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. സ്ഥലം വാങ്ങി വീട് വച്ച് നല്‍കാന്‍ റെയിൽവേയും സംസ്ഥാന സർക്കാരും കൂടി സംയുക്തമായി പ്രവർത്തിച്ചാൽ മാത്രമെ ജോയിയുടെ അമ്മയ്‌ക്ക് വീട് വച്ച് നൽകാൻ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജോയി റെയിൽവേ ചുമതലപ്പെടുത്തിയ കോൺട്രാക്‌ടറുടെ ജീവനക്കാരനായാണ് പോയത്. ഒന്നുകിൽ റെയിൽവേ ഭൂമി വാങ്ങി സർക്കാരിനെ ഏൽപ്പിക്കുക, സർക്കാർ അതിൽ വീട് വച്ച് ജോയിക്ക് നൽകും അതാണ് നടത്താൻ പറ്റുന്ന കാര്യം. ഈ കാര്യത്തിൽ രണ്ട് കൂട്ടരും ജാഗ്രത കാണിക്കണം. ജോയിയുടെ അമ്മയെ സഹായിക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യമെന്നും കെ മുരളീധരൻ വ്യക്തമാക്കി.