കൊല്ലം : അണികൾക്ക് ആവേശം പകർന്ന് അണ്ണാമലൈയുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന്‍റെ ഇലക്ഷൻ പ്രചാരണാർഥമാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കൊല്ലത്ത് എത്തിയത്. രാവിലെ ആശ്രമം മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹത്തെ ബിജെപി ജില്ല നേതാക്കൾ അടക്കം നിരവധി പേരാണ് സ്വീകരിക്കാൻ എത്തിയത്.
കടപ്പാക്കടയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. അണ്ണാമലൈ എത്തുന്നതിനു മുമ്പ് തന്നെ നിരവധി ബിജെപി പ്രവർത്തകർ കടപ്പാക്കടയിൽ എത്തിച്ചേർന്നു. തുടർന്ന് സ്ഥാനാർഥി കൃഷ്‌ണകുമാറും അണ്ണാമലൈയും തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ കടന്നുപോയത്.
റോഡ് ഷോ കടന്നുപോയ റോഡിന് ഇരുവശവുമായി നിന്ന പ്രവർത്തകർ ഇരുവരെയും ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കടപ്പാക്കടയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടർന്ന് അണ്ണാമലൈ പ്രവർത്തകരെ അഭിസംബോധന ചെയ്‌തു. എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു അണ്ണാമലൈയുടെ പ്രസംഗം.
രണ്ടാം ഘട്ടം കഴിയുന്നതോടെ ഇന്ത്യ മുന്നണി തകരുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഇലക്ഷൻ കഴിഞ്ഞതോടെ ഇന്ത്യ മുന്നണിയിൽ അടി തുടങ്ങി. യുപിഎ ഭരണകാലത്ത് ഇന്ത്യ 20 വർഷം പിന്നോട്ട് പോയി. സംസ്ഥാനം നടപ്പിലാക്കുന്നത് എല്ലാം കേന്ദ്ര പദ്ധതികൾ
ഒന്നുകിൽ പേര് മാറ്റും അല്ലെങ്കിൽ നടപ്പിലാക്കുന്നത് തടയും. ജൂൺ 4 ന് കേരളത്തിനും കൊല്ലത്തിനും മുക്തി കിട്ടുമെന്നും അണ്ണാമലൈ പറഞ്ഞു.
ദക്ഷിണ മേഖല പ്രസിഡൻ്റ് കെ സോമൻ, ജില്ല പ്രസിഡൻ്റ് ബിബി ഗോപകുമാർ, സംസ്ഥാന സമിതിയംഗം എജി ശ്രീകുമാർ, ജില്ല വൈസ് പ്രസിഡൻ്റുമാരായ ആർ സുരേന്ദ്രനാഥ്, ശശികലാറാവു, സെക്രട്ടറിമാരായ കൃപാവിനോദ്, പാർലമെൻ്റ് ഇലക്ഷൻ കമ്മിറ്റി രക്ഷാധികാരി ആർകെ രാധാക്യഷ്‌ണൻ, യുവമോർച്ച ജില്ല പ്രസിഡൻ്റ് പ്രണവ്, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി ഐശ്വര്യ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.