തിരുവനന്തപുരം : ഏറെ വിവാദമായ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനമേറ്റെടുക്കാനില്ലെന്ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് എസ് മണികുമാര്‍. ഇക്കാര്യമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അദ്ദേഹം കത്തയച്ചു. ഇ - മെയില്‍ മുഖാന്തിരം ഇന്നു രാവിലെയാണ് കത്തയച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്‍റെ വിയോജനകുറിപ്പ് പരിഗണിച്ച് 10 മാസം രാജ്ഭവനില്‍ തടഞ്ഞു വച്ചിരുന്ന മണികുമാറിന്‍റെ നിയമനത്തിന് ഏപ്രില്‍ 3 നാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. രാജ്ഭവന്‍ നിയമന അംഗീകരം നല്‍കിയതിന്‍റെ മൂന്നാം നാള്‍ അദ്ദേഹം പദവി നിരസിച്ച് ഗവര്‍ണക്ക് കത്തയച്ചു.
2023 മെയില്‍ സംസ്ഥാന മുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായിരുന്നു ആന്‍റണി ഡൊമിനിക് രാജിവച്ച ഒഴിവിലാണ് മണി കുമാറിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ മൂന്നംഗ സമിതി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്നു വിരമിക്കുന്നതിനു മുന്‍പേ തന്നെ അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകുമെന്ന് സൂചനയുണ്ടായിരുന്നു.
വിരമിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും സാന്നിധ്യത്തില്‍ കോവളത്ത് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയപ്പു നല്‍കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തു വന്നിരുന്നു. തൊട്ടു പിന്നാലെ ഹൈക്കോടതി ജഡ്‌ജി സ്ഥാനത്തു നിന്നു വിരമിച്ച അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുകയായിരുന്നു.
എന്നാല്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കേസുകള്‍ പലതും തീരുമാനമാക്കാതെ മണികുമാര്‍ മാറ്റിവച്ചയതായി പ്രതിപക്ഷം ആരോപണമുയര്‍ത്തുകയും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കുന്ന സമിതി അംഗമായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമനത്തെ എതിര്‍ത്ത് വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
ജസ്‌റ്റിസ് മണി കുമാര്‍ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്‌റ്റിസായിരുന്നു കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന് മനുഷ്യാവകാശ കമ്മിഷനാവശ്യമായ നിഷ്‌പക്ഷവും നീതി പൂര്‍വ്വകവുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് ഉത്കണ്‌ഠയുണ്ടെന്ന് വിയോജന കുറിപ്പില്‍ പ്രതിപക്ഷ നേതാവ് രേഖപ്പെടുത്തി. ഇതോടെ സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ നിയമനം സംബന്ധിച്ച നിയമോപദേശവും തേടി.
സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കാതെ പിടിച്ചു വച്ച ഗവര്‍ണര്‍ കമ്മിഷന്‍ അംഗം ബൈജുനാഥിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കി. 10 മാസം തടഞ്ഞു വച്ചിരുന്നു ശുപാര്‍ശയാണ് ഏപ്രില്‍ മൂന്നിന് ഗവര്‍ണര്‍ അംഗീകരിച്ചത്. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പൊടുന്നനെ സര്‍ക്കാരിന്‍റെ ഒരു ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ തീരുമാനം മൂന്നാം നാള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു മണികുമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കേരളത്തിലെ മുന്‍ ഗവര്‍ണര്‍ ജസ്‌റ്റിസ് പി സദാശിവം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ അദ്ദേഹത്തിന്‍റെ ജൂനിയറായിരുന്നു മണികുമാര്‍. ചീഫ് ജസ്‌റ്റിസായിരിക്കെ മണികുമാര്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
മണികുമാറിന്‍റെ പിന്‍മാറ്റം വൈകി ഉദിച്ച വിവേകം, സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല : സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷപദം സ്വീകരിക്കേണ്ടെന്ന ജസ്‌റ്റിസ് മണികുമാറിന്‍റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റേത് വൈകി ഉദിച്ച വിവേകമെങ്കിലും പദവി ഏറ്റെടുത്ത് കൂടുതല്‍ അപമാനിതനാകാതെ പിന്‍മാറിയത് നന്നായി. അദ്ദേഹം ചീഫ് ജസ്‌റ്റിസ് ആയിരുന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്‍റെ ഉപകാര സ്‌മരണയാണ് വിരമിച്ചതിനു ശേഷം നല്‍കിയ പുതിയ പദവിയെന്ന് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. വൈകിയാണെങ്കിലും മണികുമാര്‍ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.