തിരുവനന്തപുരം : ജസ്‌ന തിരോധാന കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ജസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ ഹര്‍ജി സ്വീകരിച്ചത്. ഹര്‍ജിയില്‍ മറുപടി നല്‍കാൻ സിബിഐയ്‌ക്ക് രണ്ടാഴ്‌ച സമയം കോടതി നല്‍കി.
ജസ്‌ന തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നോ, ജസ്‌ന മതപരിവർത്തനം നടത്തിയെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ, ജസ്‌ന മരണപ്പെട്ടുവെന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നായിരുന്നു സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
അതേസമയം, സിബിഐയുടെ അന്വേഷണം പരാജയമെന്നാണ് ജസ്‌നയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജ് വിദ്യാർഥിനിയായ ജസ്‌നയെ പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കുവച്ച് കാണാതാകുന്നത്. ഈ പ്രദേശങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
ജസ്‌നയ്‌ക്കൊപ്പം ബി.കോമിന് പഠിച്ചിരുന്ന അഞ്ച് പേരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. കോളജിന് പുറത്ത് ജസ്‌ന എൻഎസ്‌എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.