എറണാകുളം : വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. രോഗബാധ ശക്തമായ പതിനൊന്നാം വാർഡിൽ കാർത്തിയാനിയാണ് (51) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
രണ്ടാഴ്‌ച മുമ്പാണ് കാർത്തിയാനിക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന കാർത്തിയാനിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ വേങ്ങൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗ ബാധയെ കുറിച്ച് നിലവിൽ മജിസ്റ്റീരിയൽ അന്വേഷണം തുടരുകയാണ്.
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ഷൈജു പി. ജേക്കബാന് കലക്‌ടറുടെ ഉത്തരവ് പ്രകാരം അന്വേഷണം നടത്തുന്നത് രണ്ടാഴ്‌ചയ്ക്കുള്ളിൽ അന്വേഷ റിപ്പോർട്ട് സമർപ്പിക്കാനാണ് കലക്‌ടർ നിർദേശിച്ചത്. വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 219 ആയി ഉയർന്നിരുന്നു.
നിലവിൽ 27 പേരാണ് ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ മാസം പതിനേഴിനാണ് ഹെപ്പറ്റെറ്റീസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്ത രോഗം വേങ്ങൂരിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസമാകുമ്പോൾ രോഗ ബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
സജീവന്‍, ജോളി രാജു എന്നിവർ രോഗ ബാധയെ തുടർന്ന് മരിച്ചിരുന്നു. അതേസമയം ശുദ്ധ ജല വിതരണത്തില്‍ വീഴ്‌ച വരുത്തിയ വട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗ ബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിൽ നിന്നും വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം പിടിപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. പഞ്ചായത്ത് ഭരണ സമതി നിർധരരായ രോഗികളെ സഹായിക്കാന്‍ പണം സ്വരൂപീക്കാനുള്ള ശ്രമവും തുടരുകയാണ്.
രോഗബാധ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവർ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ വാഹനങ്ങൾ വില്‍പന നടത്തിയും, പശുക്കളെ വിറ്റുമാണ് പലരം പണം കണ്ടെത്തിയത്.
ഒരു കുടുംബത്തിലെ ഒന്നിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ഇവരുടെ സഹായം സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.