തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച വിവാദ അന്വേഷണ റിപ്പോര്‍ട്ടില്‍ കലിയടങ്ങാതെ സിപിഐ. അഞ്ച് മാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്‌ച രാത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം കൂടി പുറത്തു വന്നതോടെ സിപിഐയില്‍ പ്രതിഷേധം തിളയ്ക്കുകയാണ്. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടി മുഖപത്രമായ ജനയുഗം അതിശക്ത വിമര്‍ശനവുമായി രംഗത്ത് വന്നു.
എഡിജിപി എംആര്‍ അജിത്കുമാറിനെ തലങ്ങും വിലങ്ങും നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുന്ന ലേഖനം അജിത് കുമാറിനെ അജിത് തമ്പുരാന്‍ എന്ന് പരിഹസിക്കുന്നതിലൂടെ ഉന്നം വയ്ക്കുന്നതാരെയെന്ന് വ്യക്തം. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിശക്തമായി അജിത്കുമാറിന് കവചം തീര്‍ത്ത് രംഗത്ത് വന്നത് സിപിഐയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിനെല്ലാം കണക്ക് തീര്‍ത്തുള്ള വിമര്‍ശനമാണ് ഇന്നത്തെ ജനയുഗം ഉയര്‍ത്തുന്നത്.
'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടുത്തം' എന്നാണ് അജിത് കുമാറും ഓടുന്ന കുതിരയും എന്ന തലക്കെട്ടിലുള്ള പ്രതിവാര ലേഖനത്തില്‍ ജനയുഗം വിമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിനെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് എന്ന് വിശേഷിപ്പിച്ചത് വഴി ജനയുഗത്തിലൂടെ സിപിഐ ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു. പൂരം കലക്കല്‍ വേളയില്‍ പ്രതിഷേധിക്കുന്ന ഭക്ത ജനങ്ങളെ ഇരു കൈകളും ലോക രക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കും വണ്ണമുള്ള ഒരു ചിത്രം പുറത്തുവന്നതായി ജനയുഗം പരിഹസിക്കുന്നു.
എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു എസ്‌പിയാകുന്നതെങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാം എന്നതിനുപകരം എങ്ങനെ കുളമാക്കാം, എങ്ങനെ സുരേഷ് ഗോപിയ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാകുമോ? നാണം കെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചു വിരിച്ചു നിന്ന് ചോദിക്കുന്നു എങ്ങനെയുണ്ട് എൻ്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഓടുന്ന കുതിരയ്ക്ക് ആടുന്ന... ഭൂഷണം' എന്ന മലയാളത്തിലെ ഒരു അശ്ലീല ചൊല്ലിലെ അശ്ലീലഭാഗം ഒഴിവാക്കിയാണ് അജിത് കുമാറിനെ ജനയുഗം കണക്കറ്റ് പ്രഹരിക്കുന്നത്. മാത്രമല്ല, ഈ ലേഖനത്തോടെ പൂരം കലക്കിയത് എഡിജിപി എംആര്‍ അജിത് കുമാര്‍ തന്നെയാണ് എന്ന നിലയിലാണ് സിപിഐ നേതൃത്വം എത്തിച്ചേര്‍ന്നിട്ടുള്ളതെന്ന സൂചന വളരെ കൃത്യമായി തന്നെ സിപിഐ നല്‍കുകയും ചെയ്യുന്നു.
അതേസമയം ഇത്തരത്തിലുള്ള സിപിഐയുടെ ഒളിയാക്രമണത്തിന് ഇതുവരെയും ഒരു കുലുക്കവും മുഖ്യമന്ത്രിയിലോ സിപിഎമ്മിലോ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണെങ്കിലും ബിജപിക്ക് സഹായകമായ നിലയില്‍ പൂരം കലക്കിയ ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഇത്രയധികം സ്വന്തം ചിറകിനടിയില്‍ സുരക്ഷിതനാക്കുന്നതിന് പിന്നിലെ ചേതോവികാരമെന്ത് എന്ന ചോദ്യം കേരളീയ പൊതു സമൂഹത്തില്‍ പ്രത്യേകിച്ചും ഇടത് കേന്ദ്രങ്ങളിലുയര്‍ത്താന്‍ കഴിഞ്ഞുവെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഐ.
പക്ഷേ ഇത്തരം വിഷയത്തില്‍ സര്‍ക്കാരിനെ ഒരു തീരുമാനത്തിലേക്കെത്തിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാത്തതിൻ്റെ അമര്‍ഷം സിപിഐ അണികളില്‍ ശക്തമാണ്. അതിനെ മറികടക്കാനാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ലേഖനവുമായി പാര്‍ട്ടി മുഖപത്രമായ ജനയുഗം രംഗത്തുവരുന്നത്. സിപിഎം മന്ത്രിമാരേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷ കവചവുമായി എത്താറുള്ള സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ കെ രാജന്‍ പൂര ദിവസം ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്നു.
എന്നിട്ടും എന്തുകൊണ്ട് പൂര ദിനത്തില്‍ ഈ പ്രശ്‌നത്തില്‍ രാജന്‍ കൃത്യസമയത്ത് ഇടപെട്ടില്ലെന്നൊരു ചോദ്യവും സിപിഐ അണികള്‍ ഉയര്‍ത്തുന്നുണ്ട്. പൂരം വിഷയത്തില്‍ രാജന്‍ പൂലര്‍ത്തുന്ന മൗനത്തിലും സിപിഐ അണികളിലും നേതൃത്വത്തിലും കടുത്ത അതൃപ്‌തിയുണ്ടെന്നാണ് സൂചന.