കണ്ണൂര്‍ : ചക്കയും മാങ്ങയും കശുവണ്ടിയും നാമമാത്രമാവുന്ന കാലമാണ് ഇത്തവണ കേരളത്തില്‍. മലബാര്‍ പ്രദേശത്ത് മഴ ജനുവരി ആദ്യവാരം വരെയും ദക്ഷിണ കേരളത്തില്‍ ഡിസംബര്‍ ഒടുവില്‍ വരെ നീളുകയും മഞ്ഞ് യഥാസമയം ലഭ്യമാകാത്തതുമാണ് വേനല്‍കാല വിളകളെ സാരമായി ബാധിച്ചത്. നവംബര്‍, ഡിസംബര്‍ മാസമാണ് പ്ലാവുകളില്‍ ചക്ക വിരിയാന്‍ തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ ഭൂരിഭാഗം പ്രദേശങ്ങളിലും ചക്ക നാമ്പെടുത്തത് പോലുമില്ല.
മാമ്പഴക്കാലത്തിന്‍റെ കാര്യവും ഇത്തവണ പരിതാപകരമാണ്. ഡിസംബര്‍ മാസമാണ് മാവുകള്‍ പൂവിടേണ്ടത്. എന്നാല്‍ ഇല പൊഴിഞ്ഞ് തളിരായി മാറുന്നതാണ് ഇത്തവണ കാണാന്‍ കഴിയുന്നത്. ഇനി ഇവയെല്ലാം പൂത്ത ഇടങ്ങളിലാകട്ടെ ഗുണത്തിലും നിറത്തിലും വ്യതിയാനമുണ്ട്.
വിഷു കാലത്ത് നാട്ടുമാവുകളില്‍ നിന്നാണ് കണ്ണി മാങ്ങ ലഭിക്കാറുള്ളത്. ഈ വര്‍ഷം അതിനും പഞ്ഞമായിരിക്കും. വൈകിയെത്തി മഴ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തിയതിനാല്‍ ഇനി മാങ്ങ പ്രതീക്ഷിക്കാനാവില്ല. ചക്കയുടെ കാര്യവും സമാനമാണ്.
ജലാംശമില്ലാതെ മണ്ണ് വരണ്ടുണങ്ങുകയും രാത്രി മഞ്ഞ് പെയ്യുകയും ചെയ്‌താലാണ് ചക്കയും മാങ്ങയും കശുമാങ്ങയുമൊക്കെ നിറയെ പൂവിട്ട് വിരിയുന്നത്. ജനുവരിയില്‍ ചിലയിടത്ത് വിരിഞ്ഞെങ്കിലും തണ്ടുണങ്ങി വീഴുന്ന കാഴ്‌ചയാണ് (Jackfruit Farming In Kerala).
അകാലത്തില്‍ പെയ്‌ത മഴ കാരണം കാര്‍ബണ്‍, നൈട്രജന്‍ എന്നിവയുടെ തോത് കൂടുന്നതിനാല്‍ ഇത്തരം വിളകള്‍ പ്രതിസന്ധിയിലാകുമെന്നാണ് കാര്‍ഷിക വിദഗ്‌ധര്‍ പറയുന്നത്. വേനല്‍കാല വിളകളുണ്ടാകുന്ന മരങ്ങള്‍ പുഷ്പ്പിക്കാനുള്ള ഹോര്‍മോണ്‍ ഉണ്ടാകണമെങ്കില്‍ താപനിലയും ഉയരണം. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല.
ഇനി താപനില ഉയര്‍ന്നാലും നേട്ടമില്ല. മാവ്, കശുമാവ് എന്നിവ പൂത്ത് തുടങ്ങി തൊട്ടു പിന്നാലെ പ്ലാവില്‍ ചക്ക വിരിയുകയാണ് പതിവ്. ഈ പതിവെല്ലാം ഇത്തവണ തെറ്റി. കേരളത്തില്‍ അടുത്ത കാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയാണ് ഈ മൂന്ന് ഫല വൃക്ഷങ്ങള്‍ക്കും സംഭവിച്ചത്.
സാധാരണ ഗതിയില്‍ ഫലസമൃദ്ധിയില്‍ മാവും പ്ലാവും കശുവണ്ടിയും നിറഞ്ഞ് നില്‍ക്കും. ഈ വര്‍ഷം ഇത്തരം വേനല്‍ക്കാല വിളവിന് സാരമായ ഇടിച്ചിലാണ് ഉണ്ടാവുക. കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഫലങ്ങള്‍ക്ക് രുചിയിലും ഗുണത്തിലും മികവുണ്ടാവുകയില്ല.
വേനല്‍ അതി രൂക്ഷമാവാനുളള സാധ്യതകളാണ് ഇനി കേരളം നേരിടേണ്ടി വരിക. അടുത്ത കൃഷി ഇറക്കലിനും ഇത് കടുത്ത പ്രതിസന്ധി തീര്‍ക്കും. കേരളത്തിന്‍റെ തനത് വിഭവങ്ങള്‍ക്ക് അടുത്ത വേനല്‍ക്കാലത്ത് കടുത്ത ക്ഷാമം നേരിടേണ്ടി വരികയും ചെയ്‌തേക്കും.