കോഴിക്കോട്: കോഴിക്കോട് ഹോം വോട്ടിങ്ങിനിടെ പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌ത സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ബി എൽ ഒ ആയ പെരുവയൽ സ്വദേശി ഹരീഷ് കുമാറിനെയാണ് മാവൂർ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്പെഷ്യൽ പോളിങ് ഓഫിസറായ കോടഞ്ചേരി ഗവൺമെന്‍റെ കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ മഞ്ജുഷ, പോളിങ് ഓഫിസർ എം എം വി എച്ച്എസ്എസ് പരപ്പിലെ യുപി അസിസ്റ്റന്‍റ് ഫഹ്‌മിത, മൈക്രോ ഒബ്‌സർവറായ ലോ കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ അനീഷ്, മണ്ണൂർ സിഎംഎച്ച്എസ്എസ് ഹൈസ്‌കൂളിലെ അധ്യാപകനായ
എൻപത്തി നാലാം ബൂത്ത് ബി എൽ ഒ ഹരീഷ് കുമാർ എന്നിവരെയാണ് ജില്ല വരണാധികാരി കൂടിയായ ജില്ല കലക്‌ടർ സസ്പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് 91 കാരിയായ പെരുവയൽ പായംപുറത്ത് ജാനകി അമ്മയുടെ വോട്ട് കൊടശ്ശേരി താഴത്തെ 80 കാരിയായ ജാനകിയമ്മയെ കൊണ്ട് ചെയ്യിച്ചത്. ഇതിന് തുടർന്ന് പായംപുറത്ത് ജാനകി അമ്മയുടെ ബന്ധുക്കൾ ജില്ല കലക്‌ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്.
ഇതിൻ്റെ തുടർ നടപടിയായി നാല് പേർക്കെതിരെയും ജനപ്രാതിനിത്യ നിയമപ്രകാരം മാവൂർ പൊലീസ് കേസെടുത്തു. മറ്റ് മൂന്ന് പേരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Also Read:വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ; അന്വേഷിക്കാൻ നിർദേശം