എറണാകുളം : കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. നവജാത ശിശുവിനെ വലിച്ചെറിഞ്ഞുവെന്ന് കരുതുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുപത്തിയൊന്ന് ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന സമുച്ചയത്തിലെ ആൾ താമസമില്ലാത്ത ഫ്ലാറ്റിൻ്റെ വാരാന്തയിൽ നിന്നാണ് നവജാത ശിശുവിനെ വലിച്ചെറിഞ്ഞത്.
റോഡിനപ്പുറത്തേക്കുള്ള കുറ്റിക്കാട്ടിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ റോഡിൽ വീണതായാണ് സംശയിക്കുന്നത്. ഫോറൻസിക് സംഘമുൾപ്പടെ സ്ഥലത്ത് പരിശോധന നടത്തി. ഫ്ലാറ്റുകളിലുള്ളവർ പുറത്ത് പോകരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ റോഡിൽ വച്ച് തന്നെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നതോടെ ജനങ്ങൾ വലിയ നടുക്കത്തിലാണ്. രാവിലെ എട്ട് മണിയോടെ ഇതുവഴി ഇരുചക്ര വാഹനത്തിൽ കടന്നുപോയ ജസ്റ്റിൻ സംഭവത്തിൻ്റെ ഞെട്ടലിലാണ്. കുഞ്ഞിന് ഒരു ദിവസം പോലും പ്രായമില്ലന്നും, പൊക്കിൾക്കൊടി പോലും മാറ്റാത്ത രീതിയിലായിരുന്നു ആൺകുഞ്ഞിൻ്റെ മൃതദേഹമെന്നും ജസ്റ്റിൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഷിപ്പ്‌യാർഡിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് ഒരു പൊതി നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കുഞ്ഞിൻ്റ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനുപിന്നിൽ ആരായാലും മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പനമ്പിള്ളി നഗറിൽ റോഡിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. നവജാത ശിശു റോഡിൽ വീഴുന്ന നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് രാത്രി വൈകിയായിരിക്കാം മൃതദേഹം ഉപേക്ഷിച്ചെതെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ രാവിലെ എട്ടുമണിയോടെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി വ്യക്തമായത്.
പുറത്ത് നിന്ന് എത്തി ആരെങ്കിലും കൃത്യം നിർവഹിക്കാനുള്ള സാധ്യത പൊലീസ് തള്ളി കളയുന്നില്ല. അതേ സമയം ഈ ഫ്ലാറ്റുകളിൽ ഗർഭിണികൾ ആരും ഉണ്ടായിരുന്നില്ലന്നാണ് ആശ വർക്കർമാർ പൊലീസിനെ അറിയിച്ചത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രഭാത ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞത്.