തൃശൂർ: ദേശീയപാത കൊടകര ഉളുമ്പത്തുകുന്നിൽ അനധികൃതമായി കാറിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പേരാമ്പ്ര ചുള്ളിപറമ്പിൽ വീട്ടിൽ മുബാസ് (34) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 180 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി.
കൊടകര പൊലീസും ജില്ല പൊലീസ് ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. മാഹിയിൽ നിന്ന് കോട്ടയത്തേക്ക് ആഢംബര കാറിൽ മദ്യം കടത്തുകയായിരുന്നു ഇയാൾ. മദ്യം കടത്തിയ സ്‌കോഡ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേയ്‌സുകളിലാക്കിയ മദ്യം കാറിൻ്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. വിവിധ ബ്രാൻഡുകളിലുള്ള, വിലയേറിയ മദ്യമാണ് പ്രതി മുബാസ് കടത്തിയത്. മാഹിയിൽ നിന്ന് വാങ്ങിയ മദ്യമാണ് ഇയാൾ കോട്ടയത്തേക്ക് കടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്.
ALSO READ: ആഡംബര കാറില്‍ 375 കുപ്പി അനധികൃത വിദേശമദ്യം, കോഴിക്കോട് സ്വദേശി തൃശൂരില്‍ അറസ്റ്റില്‍