ഇടുക്കി: മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ ഇന്ന് സമരം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സമര പ്രക്ഷോഭങ്ങളുമായി രംഗത്തുവരുന്നത്. ഒന്നും രണ്ടും വർഷങ്ങളിലെ ഉൾപ്പെടെ 200 ഓളം വിദ്യാർഥികളാണ് മെഡിക്കൽ കോളജിനുമുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് മുൻപ് രണ്ട് തവണ ഇവർ സമരം ചെയ്‌തിരുന്നു. 45 ദിവസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഓരോ സമരത്തിലും അധികൃതർ വാഗ്‌ദാനം നൽകും. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെൻ്റ് നൽകിയ ഉറപ്പിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. വിവിധ ലാബുകൾക്കാവശ്യമായ സൗകര്യങ്ങൾ ഇല്ല. ലാബിലെ ഉപകരണങ്ങൾ എല്ലാം എത്തിയിട്ടും അവ ഇറക്കിവെച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നതായും വിദ്യാർഥികൾ ആരോപിച്ചു.
വേണ്ടത്ര ലക്‌ചറൽ ഹാളുകളില്ലന്നും, പഠിപ്പിക്കാൻ വേണ്ടത്ര പ്രൊഫസർമാരില്ലെന്നും, ഹോസ്‌റ്റൽ സൗകര്യം ഒരുക്കാത്തതുമെല്ലാം ഉന്നയിച്ചാണ് വിദ്യാർഥികൾ ഇപ്പോൾ മൂന്നാം തവണ സമരം ആരംഭിച്ചത് .ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ മാത്രമാണ് എല്ലാവരും എത്താറുള്ളത് എന്നും പരിശോധന കഴിഞ്ഞ് അധികൃതർ പോയാൽ അപ്പോൾ തന്നെ എല്ലാവരും സ്ഥലം വിടുന്നതായും വിദ്യാർഥികൾ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
Also Read: മാസങ്ങളായി ശമ്പളമില്ല: ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ സമരത്തില്‍