ഇടുക്കി : കഴിഞ്ഞ പത്ത് വര്‍ഷമായി മുടങ്ങാതെ പാടത്ത് വിത്തിറക്കുന്ന കര്‍ഷകയാണ് അടിമാലി സ്വദേശിനി ലാലി എല്‍ദോസ്. രണ്ടരയേക്കറോളം പാടത്താണ് ലാലി ഇത്തവണ നെല്‍ കൃഷി ഇറക്കിയത്. പരാധീനതകള്‍ പലതുണ്ടെന്നും കൃഷി മുമ്പോട്ട് കൊണ്ടു പോകണമെങ്കില്‍ കൃഷി വകുപ്പിന്‍റെയടക്കം ഫലവത്തായ ഇടപെടല്‍ വേണമെന്നും ലാലി പറയുന്നു (Idukki high range rice farming crisis).
തരിശായി കിടന്ന ഭൂമിയിലാണ് പത്ത് വര്‍ഷമായി ലാലിയും സംഘവും കൃഷി ചെയ്യുന്നത്. പൊന്‍മണി, എച്ച് ഫോര്‍ ഇനങ്ങളാണ് ലാലിയുടെ പാടത്ത് നൂറുമേനി വിളഞ്ഞത്. നെല്‍ക്കതിര്‍ മൂപ്പെത്തിയതോടെ ഇക്കഴിഞ്ഞ ജനുവരി 20ന് പാടത്ത് കൊയ്ത്തുത്സവം നടന്നു. അടിമാലി ഗ്രാമപഞ്ചായത്തംഗം ജിന്‍സി മാത്യു ആണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്‌തത്. നെല്‍കൃഷിയും കൊയ്ത്തുമൊക്കെ നടക്കുമ്പോഴും ഓരോ വര്‍ഷവുമിങ്ങനെ കൃഷി മുമ്പോട്ട് കൊണ്ടുപോകാന്‍ പരാധീനതകള്‍ നിരവധിയുണ്ടെന്ന് ലാലി പറയുന്നു.
പോയ വര്‍ഷം വരെ പാടത്ത് രണ്ട് കൃഷിയിറക്കിയിരുന്നു. ഇത്തവണയത് ഒന്നാക്കി ചുരുക്കി. കാലാവസ്ഥയിലെ മാറ്റവും ചെലവും കൃഷി ചുരുക്കാന്‍ കാരണമായി. കൃഷിയും പരിപാലനവും വിളവെടുപ്പുമൊക്കെയായി ചെലവ് വളരെ കൂടുതലാണ്.
പാടത്ത് പണിക്ക് തൊഴിലാളികളെ കിട്ടാനില്ല എന്നതും വെല്ലുവിളിയാണ്. കൃഷി വകുപ്പിന്‍റെ ഭാഗത്ത് നിന്നും മതിയായ പിന്തുണയില്ലെന്ന പരാതി ലാലിക്കുണ്ട്. കാട് പിടിച്ച് കിടന്നിരുന്ന പാടമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഴുത് മറിച്ച് ഇവര്‍ കൃഷിയോഗ്യമാക്കിയെടുത്തത്.
കൃഷി ഉപേക്ഷിച്ചാല്‍ പാടം വീണ്ടും പഴയ പടിയാകും. ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങുന്ന നെല്‍കൃഷിക്കും അവശേഷിക്കുന്ന നെല്‍കര്‍ഷകര്‍ക്കും വേണ്ട രീതിയിലുള്ള പ്രോത്സാഹനമുണ്ടാകണമെന്നാണ് ലാലിയുടെ പക്ഷം.