കോട്ടയം : ഭാര്യ കുഴഞ്ഞു വീണ് മരിച്ചതിന് പിന്നാലെ ജീവനൊടുക്കി ഭർത്താവ്. പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെയാണ് ആത്‌മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച (ഓഗസ്റ്റ് 19) ഉച്ചയ്‌ക്ക് യുകെയിൽ വച്ച് അനിലിന്‍റെ ഭാര്യ സോണിയ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കാലിൽ ശസ്‌ത്രക്രിയയ്ക്കായി സോണിയ 10 ദിവസത്തേക്ക് കോട്ടയത്ത് എത്തിയിരുന്നു. തിരികെ യുകെയിലെ വീട്ടിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ (ഓഗസ്റ്റ് 20) പുലർച്ചയോടെ അനില്‍ പുറത്ത് പോയിരുന്നു. ഈ സമയം മക്കള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു.
ഭാര്യയുടെ അടുത്തേക്ക് പോകുകയാണെന്നും മക്കളെ നോക്കണമെന്നും വ്യക്തമാക്കുന്ന സന്ദേശം അനിൽ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്‌സാണ്ട്ര ഹോസ്‌പിറ്റലിൽ നഴ്‌സായിരുന്നു. ലിസയും ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821