കാസർകോട്: കനത്ത മഴയ്‌ക്ക് പിന്നാലെ അടുക്കത്ത് വീട് തകർന്നു വീണു. വീട്ടിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനകത്തായിരുന്ന കിഷോറും ഭാര്യ ശശികലയുമാണ് രക്ഷപ്പെട്ടത്.
ഇന്ന് (ഡിസംബർ 04) രാവിലെയാണ് സംഭവം. രാവിലെ ആറുമണി വരെ ശക്തമായ കാറ്റ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീട് തകരുകയായിരുന്നു. ഉഗ്രശബ്‌ദത്തോടെ വീടിൻ്റെ മേൽക്കൂര നിലം പതിച്ചു. വീടിൻ്റെ മുകൾ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പെൻഷൻ പണം കൊണ്ട് മാത്രം ജീവിക്കുന്ന കുടുംബത്തിന് വീടും നഷ്‌ടമായതോടെ കടുത്ത പ്രതിസന്ധിയിലായെന്ന് കിഷോർ കുമാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയുടെ ഭീഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ നേരിയ ഇടത്തരം മഴയുടെ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ചത്. മഴയ്ക്ക് ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയോടൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ലക്ഷദ്വീപ് പ്രദേശത്ത് ഡിസംബർ അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്. അടുത്ത രണ്ട് ദിവസങ്ങളിലായി ന്യൂനമർദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല