ആലപ്പുഴ : ആലപ്പുഴ വൈശ്യംഭാഗത്തെ ഹോം സ്‌റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഹോം സ്‌റ്റേ ജീവനക്കാരിയായ അസം സ്വദേശി ഖാസിറ കൗദും (44) ആണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എന്നാൽ മരണകാരണം വ്യക്തമല്ല. മൃതദേഹത്തിൽ നിന്ന് കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. യുവതിയുടെ മരണം കൊലപാതകമാകാം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിൽ തള്ളി, യുവാവ് പിടിയിൽ : ഉത്തരാഖണ്ഡിൽ കാമുകിയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ യുവാവ് പിടിയിൽ. മുസാഫർനഗർ സ്വദേശി റാഷിദ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഹരിദ്വാറിലെ കോട്വാലി പട്ടേൽ നഗർ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ഹരിദ്വാറിലെ സംസ്‌കൃതി വിഹാർ കോളനിയിൽ നിന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സംശയ രോഗത്തെ തുടർന്നാണ് യുവാവ് ക്രൂരകൃത്യം ചെയ്‌തത്. യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ പൂട്ടിയിട്ട് ആളൊഴിഞ്ഞ വനത്തിൽ തള്ളുകയായിരുന്നു ഇയാൾ. സ്യൂട്ട്കേസിനുള്ളിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയായിരുന്ന യുവതി ഡെറാഡൂണിലെ സംസ്‌കൃതി വിഹാർ കോളനിയിൽ കാമുകനുമൊത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2023 ഡിസംബർ 26 മുതൽ മകളെ കാണാതായതോടെ പിതാവ് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പിതാവ് മകളെ കാണാനില്ലെന്ന് കോട്വാലി പട്ടേൽ നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജനുവരി 29നാണ് പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സംസ്‌കൃതി വിഹാർ കോളനിയിൽ റഷീദുമായി യുവതി ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് മനസിലാക്കിയ പൊലീസ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മുസാഫർനഗറിലെ ബാഗോവാലി ഗ്രാമത്തിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ പ്രതി ഒളിവിലായിരുന്നു.
പിന്നീട് റഷീദ് സംസ്‌കൃതി വിഹാർ കോളനിയിലെ വാടക മുറിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഡിസംബർ 27 ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കാട്ടിൽ തള്ളിയതായി റാഷിദ് പറഞ്ഞു. സംശയ രോഗത്തെ തുടർന്നാണ് താൻ കൊലപാതകം ചെയ്‌തതെന്നാണ് പ്രതി മൊഴി നൽകിയത്.
കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയുടെ എടിഎം കാർഡിൽ നിന്ന് 17,000 രൂപ പിൻവലിച്ചാണ് സ്യൂട്ട്കേസ് വാങ്ങിയത്. തുടർന്ന് മുറിയിലെത്തി മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ ശേഷം സ്യൂട്ട്കേസ് സ്‌കൂട്ടറിന്‍റെ പിന്നിൽ കെട്ടി കൊണ്ടുപോയി വനത്തിനുള്ളിലെ കുഴിയിൽ തള്ളുകയായിരുന്നു.