തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്രൂരമായ അക്രമണത്തിനിരയായി മരണപ്പെട്ട സിദ്ധാർഥിന്‍റെ കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ സർക്കാരിന് വീഴ്‌ച. സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് നേരിട്ടെത്തി ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ട് സർക്കാർ ഈ മാസം 16 ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ, വിജ്ഞാപനം കൊണ്ട് മാത്രം കേസന്വേഷണം സിബിഐയ്ക്ക് കൈമാറാനാകില്ല.
ഇതിനായി കേസിന്‍റെ ഇതുവരെയുള്ള നാൾ വഴികൾ രേഖപ്പെടുത്തിയ 'പെർഫോമ' ഇതുവരെ സർക്കാർ കൈമാറിയിട്ടില്ല. ഇതിന്‍റെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇന്നലെയാണ് ആരംഭിച്ചത്. കേസിന്‍റെ പൂർണ വിവരം ലഭിച്ചാൽ മാത്രമേ സിബിഐ കേസ് പരിഗണിക്കുകയുള്ളുവെന്നിരിക്കെ സർക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതരമായ വീഴ്‌ചയാണ്. സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് തന്നെ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി ക്രമങ്ങളിലെ ഇഴച്ചിൽ പുറത്ത് വരുന്നത്.
കേസന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ഉണ്ടായ വീഴ്‌ച പരിഹരിക്കാൻ സഹായം തേടി സിദ്ധാർഥിന്‍റെ അച്ഛൻ ഇന്നലെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും സന്ദർശിച്ചിരുന്നു. സിദ്ധാർഥിന്‍റെ മരണത്തിന് പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി സസ്‌പെൻഡ് ചെയ്‌ത 33 വിദ്യാർഥികളുടെ സസ്പെൻഷൻ ഇന്നലെ രാജിക്ക് മുൻപ് വെറ്റിനറി സർവകലാശാല വി സി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിസിയുടെ തീരുമാനം ചാൻസലർ കൂടിയായ ഗവർണർ റദ്ദാക്കിയത്.
സംഭവത്തിൽ സഹായഭ്യർത്ഥനയുമായി ഇന്ന് സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഔദ്യോഗിക വാസതിയായ കന്‍റോൺമെന്‍റ് ഹൗസിലെത്തി സഹായം അഭ്യർത്ഥിച്ചിരുന്നു.