എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. ലയൺ എയറിൻ്റെ എസ്എൽ 211 വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പ്രശാന്തിനെതിരെയാണ് കേസ്. വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ 19ൽ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
ഇതോടെ വിമാനത്താവളത്തിൽ അലർട്ട് പ്രഖ്യാപിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയും പരിശോധന നടത്തി. ഇതോടെയാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്.
ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. പ്രതിയെ തുടർ നടപടികൾക്കായി പൊലീസിന് കൈമാറി. കൊച്ചി എയർപോർട്ടിൽ സുരക്ഷ വാരാചരണം ആചരിക്കുന്നതിനിടെയാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്.
സംഭവം വ്യോമയാന സുരക്ഷ വാരാചരണത്തിനിടെ:
'വ്യോമയാന സുരക്ഷ ക്രമീകരണങ്ങളിൽ സ്വയം സഹകരണം ഉറപ്പാക്കുക' എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി ആഴ്‌ചയിലുടനീളം ക്വിസ് മത്സരങ്ങൾ, സിഐഎസ്എഫ് ഡോഗ് സ്ക്വാഡ് പ്രകടനങ്ങൾ, സാംസ്‌കാരിക സായാഹ്നങ്ങൾ, വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയ പരിപാടികൾ സിയാൽ നടത്തി വരികയായിരുന്നു.
‘കാണുക, അറിയിക്കുക, സുരക്ഷിതമാക്കുക’ എന്ന ആശയമാണ് വ്യോമയാന സുരക്ഷ വാരത്തിന്‍റെ പ്രധാന മുദ്രാവാക്യം. യാത്രക്കാർ അവരുടെ ചുറ്റുപാടുകൾ നിരീക്ഷിക്കാനും സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനടി അധികൃതരെ അറിയിക്കാനും ഈ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബിസിഎഎസ്) ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയവുമാണ് വ്യോമയാന സുരക്ഷ വാരാചരണത്തിന് നേതൃത്വം നൽകുന്നത്.
Also Read: അൽ-ഖ്വയ്‌ദയുടെ പേരില്‍ ബിഹാര്‍ മുഖ്യമന്ത്രി ഓഫിസിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു