എറണാകുളം: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആനയെഴുന്നെള്ളിപ്പിനുള്ള മാർഗനിർദേശങ്ങൾ ലംഘിച്ചതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. കോടതിയുടെ മാർഗനിർദേശം ലംഘിക്കാൻ മനഃപൂർവം തീരുമാനമുണ്ടായിരുന്നതായും, ഇതിന് പിന്നില്‍ ആരായിരുന്നു എന്ന് തങ്ങൾക്കറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാതിരുന്ന ഹൈക്കോടതി നേരിട്ട് ഹാജരായ ഓഫീസറെ ശകാരിക്കുകയും ചെയ്തു. ഭക്തർ വന്ന് കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കാൻ പറഞ്ഞാൽ ദേവസ്വം ഓഫീസർ അനുസരിക്കുമോയെന്ന് കോടതി ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നത് എന്ന് എന്തുകൊണ്ടാണ് മനസിലാകാത്തത്. ഇതു മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലേയെന്നും കോടതി ചോദ്യമുന്നയിച്ചു. ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന പണം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നും കോടതി ആരാഞ്ഞു.
പല ക്ഷേത്രങ്ങളിലും നിവേദ്യത്തിനൊന്നും സാധനങ്ങളില്ല. നിവേദ്യം ഉണ്ടാക്കുന്ന സ്ഥലം കണ്ടാൽ ആളുകൾ ഓടും. എങ്കിലും ആനകൾക്കായി മുടക്കാൻ ലക്ഷങ്ങളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ഓഫീസർക്ക് നിർദ്ദേശം നൽകി. കേസ് ഹൈക്കോടതി ജനുവരി 9ന് വീണ്ടും പരിഗണിക്കും.