എറണാകുളം: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്‍റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ജസ്‌റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്.
സ്‌കൂളിന്‍റെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയോ അച്ചടക്കം നിലനിർത്താൻ ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അത് ബാലനീതി വകുപ്പിന്‍റെ പരിധിയിൽ കൊണ്ട് വന്നാൽ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്‌ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അധ്യാപകർ പരിധിവിട്ട് വിദ്യാര്‍ഥികളെ ഗുരുതരമായി തന്നെ പരുക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്‌താൽ അത് ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ, വിദ്യാർഥിയെ മർദിക്കുമ്പോൾ നന്നായി പഠിക്കേണ്ടതിന്‍റെയും വിഷയത്തിൽ ഉയർന്ന മാർക്ക് നേടേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് വിദ്യാർഥിക്ക് മുന്നറിയിപ്പ് നൽകി നയിക്കുക എന്നതായിരുന്നു അധ്യാപകന്‍റെ ഉദ്ദേശ്യം എന്നും കോടതി പറഞ്ഞു.
Also Read: ഗുരുദേവ കോളജ് സംഘർഷം: പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി