എറണാകുളം : ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ വിജ്ഞാപനം.
സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതും ചട്ടവിരുദ്ധമായാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.
എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്നപേരിലായിരുന്നു വിജ്ഞാപനമെന്നും ഹർജിക്കാർ വാദം ഉന്നയിച്ചു. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് സർക്കാരിന് കീഴിലുള്ള ഏജൻസിയാണെന്നും, കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണീ നടപടിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഈ വാദം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്‌തത്. ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2296 ഏക്കറോളം എരുമേലി, മണിമല തെക്ക് ബ്ലോക്കുകളിൽ പെട്ട ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാരിന്‍റെ വിജ്ഞാപനം.
Also Read:ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങി ; ആക്ഷേപം അറിയിക്കാൻ 15 ദിവസം