മൂന്നാര്‍: മൂന്നാറിലെ 8 വില്ലേജുകളില്‍ റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിര്‍മ്മാണ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. കെട്ടിട നിര്‍മ്മാണത്തിന് ഇനി മുതല്‍ പഞ്ചായത്തിന്‍റെ അനുമതി മാത്രം മതിയാകും. റവന്യൂ വകുപ്പിന്‍റെ എന്‍ഒസിയുടെ ആവശ്യമില്ല. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിനുവേണ്ടി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് ഹാജരായ കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
എട്ട് വില്ലേജുകളില്‍ വീട് ഉള്‍പ്പടെയുള്ള കെട്ടിട നിര്‍മ്മാണത്തിന് തഹസീല്‍ദാരുടെ അനുമതി വാങ്ങണമെന്ന് നേരത്തെ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടിരുന്നു. വീടിന്‍റെ പ്ലാന്‍, തറയുടെ വിസ്‌താരം, എലിവേഷന്‍ ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും തഹസീല്‍ദാര്‍ക്ക് നല്‍കണമായിരുന്നു. മാത്രവുമല്ല ഒരു മുറി കൂടുതല്‍ എടുക്കുകയോ പ്ലാനില്‍ നേരിയ മാറ്റം വരുത്തുകയോ ചെയ്യണമെങ്കില്‍ പോലും തഹസീല്‍ദാരുടെ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ മുറികൂട്ടി എടുത്താല്‍ പോലും എന്‍ഒസി റദ്ദ് ചെയ്യുന്ന രീതിയും ഉണ്ടായിരുന്നു.
കെട്ടിട നിര്‍മ്മാണത്തിന്‍റെ അനുമതി തഹസീല്‍ദാരില്‍ നിക്ഷിപ്‌തമാകുന്ന അശാസ്ത്രീയ രീതി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് കോടതിയില്‍ ചൂണ്ടിക്കാണിച്ചു. തഹസീല്‍ദാര്‍ എന്‍ജിനീയറിംഗ് പഠിക്കുകയോ പരിശീലനം നേടുകയോ ചെയ്‌തിട്ടുള്ള ആളല്ല. ആധികാരികമായി കെട്ടിടത്തെക്കുറിച്ച് തീരുമാനം എടുക്കാന്‍ കഴിയാത്ത ഒരു ഉദ്യോഗസ്ഥനെ എന്‍ഒസി നല്‍കാന്‍ ഏല്‍പ്പിക്കുന്നത് ശരിയായ തീരുമാനം അല്ലെന്ന ജോയ്‌സ് ജോര്‍ജ്ജിന്‍റെ വാദം അംഗീകരിച്ചതോടെയാണ് റവന്യൂ വകുപ്പിന്‍റെ എന്‍ഒസി ആവശ്യമില്ല എന്ന് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ് വിധി പ്രസ്‌താവിച്ചത്.
പള്ളിവാസല്‍ പഞ്ചായത്തിന്‍റെ സ്‌റ്റാന്‍റിംഗ് കൗണ്‍സില്‍ കൂടിയായ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിന്‍മേല്‍ വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജഡ്‌ജി വിധി പ്രസ്‌താവന നടത്തിയത്. പ്ലാനില്‍ ഒപ്പിടാന്‍ തഹസീല്‍ദാര്‍ക്ക് അധികാരമില്ലെന്ന് കോടതി കണ്ടെത്തി. എന്‍ജിനീയറിംഗ് വിഭാഗം ഉള്ള ഗ്രാമപഞ്ചായത്തിന് മാത്രമാണ് ഇനിമുതല്‍ എന്‍ഒസി നല്‍കാനുള്ള ചുമതല. കെട്ടിടം നിര്‍മ്മിക്കുന്ന ഭൂമിയുടെ പട്ടയത്തിന്‍റെ നിയമ സാധുത മാത്രമാണ് തഹസീല്‍ദാര്‍ക്ക് പരിശോധിക്കാന്‍ അവസരമുള്ളൂ.
ഏറെ നാളായി മൂന്നാര്‍ മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ വീട് വയ്ക്കുന്നതിന് പോലും റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങി നേരിട്ടുകൊണ്ടിരുന്ന വലിയ ബുദ്ധിമുട്ടുകള്‍ക്കാണ് ഇപ്പോള്‍ പരിഹാരം ഉണ്ടായിരിക്കുന്നത്. തഹസീല്‍ദാരുടെ അധികാരം എടുത്തു കളഞ്ഞുകൊണ്ടുള്ള തീരുമാനം ഉടന്‍തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും ജില്ലാ കലക്‌ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.