എറണാകുളം : എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ഹൈബി ഈഡൻ നടൻ ശ്രീനിവാസനെ സന്ദർശിച്ച് പിന്തുണ തേടി.
ആരോഗ്യ പ്രശ്‌നങ്ങൾകിടയിലും നർമ്മം കൈവിടാതെയാണ് സ്ഥാനാർഥിയെ ശ്രീനിവാസൻ സ്വീകരിച്ചത്. എറണാകുളം കണ്ടനാടുള്ള വസതിയിലെത്തിയാണ് ഹൈബി ശ്രീനിവാസനുമായി കൂടികാഴ്‌ച നടത്തിയത്. ശ്രീനിവാസന്‍റെ ആരോഗ്യ സ്‌ഥിതി ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ഹൈബി ഈഡൻ വീണ്ടും മത്സരിക്കുകയാണെന്നും അനുഗ്രഹം ഉണ്ടാകണമെന്നും അഭ്യർഥിച്ചത്.
വിനീതിനെയും ധ്യാനിനെയും കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്ക് വച്ചു. ധ്യാനിനെ വടകരയിൽ കണ്ട കാര്യവും ഷാഫി പറമ്പിലുമായുള്ള ബന്ധവും ധ്യാൻ പ്രസംഗിച്ചതുമൊക്കെ ഹൈബി ചൂണ്ടിക്കാട്ടി.
സ്വത്വസിദ്ധമായ ശൈലിയിൽ അവനു അത്രയ്‌ക്കൊക്കെ ബോധമുണ്ടോയെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ശ്രീനിവാസന്‍റെ മറുപടി. നന്നായി സംസാരിക്കുമെന്നും വിക്ടോറിയ കോളേജിലെ പ്രസംഗം വൈറലായെന്നുമൊക്കെ ഹൈബി പറഞ്ഞപ്പോൾ ശ്രീനിവസനും സന്തോഷം പ്രകടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ആധാർ കാർഡ് ഡ്രൈവ് നടത്തിയപ്പോൾ അതിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ ഇരുവരും പങ്കെടുത്തതും ഹൈബി ശ്രീനിവാസനെ ഓർമിപ്പിച്ചു.ഹൈബിയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചാണ് ശ്രീനിവാസൻ യാത്രയാക്കിയത്.
രാവിലെ തൃപ്പൂണിത്തുറയിൽ നിന്നാണ് ഹൈബി ഈഡൻ പ്രചാരണ പരിപാടികൾ ആരംഭിച്ചത് വീടുകളിലും കവലകളിലും സ്ഥാപനങ്ങളിലുമെത്തി ഹൈബി പിന്തുണ തേടി. വൈകിട്ട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലും ഹൈബി പങ്കെടുത്തു.