ഇടുക്കി: കൊടും വരള്‍ച്ച ഹൈറേഞ്ചിലെ ജാതി കൃഷിയേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. മൂപ്പെത്തും മുമ്പ് ജാതിക്കായ കരിഞ്ഞുണങ്ങി നശിക്കുകയാണ്. ആഴ്‌ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ജാതിക്കായാണ് മൂപ്പെത്തും മുമ്പേ വാടിക്കരിഞ്ഞ് പൊഴിഞ്ഞു വീഴുന്നത്.
ജലസേചനം അത്ര ആവശ്യമില്ലാത്ത കൃഷിയാണ് ജാതി കൃഷി. എന്നാല്‍ വരള്‍ച്ച രൂക്ഷമായതോടെ ജലസേചനം അനിവാര്യമായിക്കഴിഞ്ഞു. ഏതാനും ആഴ്‌ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ജാതിക്കായയുടെ തൊണ്ടില്‍ ഉണക്ക് ബാധിക്കുകയും, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജലാംശം നഷ്‌ടപ്പെട്ട് കരിഞ്ഞുണങ്ങുകയും ചെയ്യും. പിന്നീട് തണ്ട് കൊഴിഞ്ഞ് നിലത്തുവീഴും. കായയ്ക്കുള്ളിലെ ജാതിപത്രിയും മൂപ്പെത്താതെ നശിക്കുകയാണ്. ആദ്യമായാണ് ജാതിക്കൃഷിയെ ഇത്രയധികം വരള്‍ച്ച ബാധിക്കുന്നത്.
കട്ടപ്പന, ഇരട്ടയാര്‍, തോപ്രാംകുടി, മുരിക്കാശേരി മേഖലകളിലെല്ലാം ജാതി കൃഷിയില്‍ ഉണക്ക് ബാധിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം വിളനാശം ഉണ്ടാകുന്നത്. ജാതിക്ക, ജാതിപത്രി വില അഞ്ച് വര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. ജാതിക്കായ്ക്ക് കിലോഗ്രാം 260 രൂപയും, ജാതിപത്രിക്ക് 1400 മുതല്‍ 1900 വരെയുമാണ് വില. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതിക്ക, ജാതിപത്രി ഉല്‍പാദനത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഏലം കൃഷി വ്യാപനത്തോടെ ഹൈറേഞ്ചിലെ ജാതിക്കൃഷി 60 ശതമാനത്തോളം കുറഞ്ഞു.
Also Read: താളം തെറ്റി ഏലം പരിപാലനം; വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍