പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നത്തോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂണ്‍ 27) ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
ജില്ലയിലെ പെരുനാട് പഞ്ചായത്തിനെയും വെച്ചൂച്ചിറ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പമ്പ നദിക്ക് കുറുകെയുള്ള അരയാഞ്ഞിലി മൺ കോസ്‌വേ മുങ്ങി. ഇതോടെ 380 കുടുംബങ്ങൾ ഒറ്റപ്പെട്ടു.
രാത്രി യാത്ര നിരോധനം: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് നടപടി. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ല കലക്‌ടറുമായ എസ് പ്രേം കൃഷ്‌ണന്‍ ഉത്തരവിറക്കി.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു: ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവര്‍ത്തനവും മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് കലക്‌ടർ ഉത്തരവിറക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.
വ്യാജ സന്ദേശങ്ങള്‍ അരുത്: മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ആശങ്കയിലാക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാവുമെന്നും കലക്‌ടർ അറിയിച്ചു. വാട്‌സ്‌ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കലക്‌ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912
Also Read: ദുരിത പെയ്‌ത്ത്: ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം, ദുരന്ത ബാധിതരെ മാറ്റി പാർപ്പിച്ചു