ബെംഗളൂരു: ശക്തമായ കാറ്റിലും മഴയിലും കർണാടകയില്‍ വ്യാപക നാശനഷ്‌ടം. വിവിധയിടങ്ങളിലായി 130ലധികം മരങ്ങള്‍ കടപുഴകി വീണു. ഇന്നലെ (ജൂണ്‍ 2) വൈകിട്ട് ആരംഭിച്ച മഴ രാത്രിയും തുടര്‍ന്നു. പത്തിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു.
മഹാലക്ഷ്‌മി ലേഔട്ട്, കർണാടക ലേഔട്ട്, ബെമൽ ലേഔട്ട്, കിർലോസ്‌കർ കോളനി, കുറുബറഹള്ളി മെയിൻ റോഡ്, കമല നഗർ എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. വന്‍ നാശനഷ്‌ടമുണ്ടായ മഹാലക്ഷ്‌മി ലേഔട്ടില്‍ എംഎല്‍എ കെ ഗോപാലയ്യ സന്ദര്‍ശനം നടത്തി.
അടുത്ത അഞ്ച് ദിവസം കൂടി മഴ: ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ രണ്ട് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 3,5 ദിവസങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ മാത്രം 110 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ മരങ്ങള്‍ മുറിച്ച് നീക്കുന്ന നടപടികള്‍ വേഗത്തിലാക്കിയതായി കോര്‍പറേഷന്‍ അറിയിച്ചു.
പ്രതികരണവുമായി ഡികെ ശിവകുമാര്‍: ബെംഗളൂരു നഗരത്തിൽ കൂടുതൽ മഴ പെയ്യട്ടെയെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബെംഗളൂരുവില്‍ മഴ പെയ്യാന്‍ താന്‍ പ്രാര്‍ഥിക്കുന്നു. ഇന്ന് (ജൂണ്‍ 3) വിധാന്‍ സൗധയിൽ സംസാരിക്കവേയാണ് ഡികെ ശിവകുമാറിന്‍റെ പ്രതികരണം. ഇനിയും മഴ പെയ്യട്ടെ. മഴ മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾ നീക്കാൻ തങ്ങള്‍ നടപടി സ്വീകരിക്കും. അത്തരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.