കണ്ണൂർ : കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്ന് വെള്ളം കുത്തിയൊഴുകി. സമീപത്തെ വീടുകളിൽ വെള്ളം കയറി കനത്ത നാശനഷ്‌ടങ്ങളുണ്ടായി. കല്ലേരിക്കരയിൽ വിമാനത്താവളത്തിന്‍റെ കവാടത്തിന് സമീപമായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൻ്റെ സമ്മർദം കാരണം ചെങ്കല്ലുകൊണ്ട് നിർമ്മിച്ച ചുറ്റുമതിൽ തകരുകയായിരുന്നു.
മതിൽ തകർന്നതോടെ അതുവഴി വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ഷോപ്പിലും വെള്ളം കയറി. പ്രദേശവാസിയായ ഓട്ടോ ഡ്രൈവർ കെ. മോഹനൻ്റെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി മുറ്റത്ത് പാകിയ ഇൻ്റർ ലോക്കുകളും അകത്തെ ഉപകരണങ്ങളും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി.