ഇടുക്കി : പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളി ലയങ്ങൾ പുനർനിർമിക്കുമെന്ന പ്രഖ്യാപനം പഴ്വാക്കായതായി ആക്ഷേപം. കാലവർഷം എത്തിയിട്ടും തകർന്നു വീഴാറായ ലയങ്ങളിലാണ് തൊഴിലാളികളുടെ ജീവിതം. ലയങ്ങളുടെ നവീകരണത്തിന് അനുവദിച്ച ഇരുപത് കോടി രൂപ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
പീരുമേട് താലൂക്കിലെ 2000 ത്തില്‍ പൂട്ടിയ നാല് തേയില തോട്ടങ്ങളിലെ ലയങ്ങളാണ് ഏറ്റവുമധികം തകർന്നത്. മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളുടെ സ്ഥിതിയും ദയനീയം തന്നെ. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതിനാൽ ഉടൻ നവീകരണം നടപ്പാകുമെന്ന പ്രതീക്ഷയില്ലെന്ന് തൊഴിലാളികൾ പറയുന്നു. പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ മാനേജ്മെന്‍റുകൾക്ക് തൊഴിൽ വകുപ്പ് നിർദേശം നൽകിയെങ്കിലും ഇതിലും നടപടിയായില്ല എന്നാണ് വിവരം. നവീകരണം വൈകുന്നതിനാൽ മേൽക്കൂരക്ക് മുകളിൽ പടുത വലിച്ചു കെട്ടി ചോർച്ച മാറ്റാനെങ്കിലും നടപടി വേണമെന്നാണ്
തൊഴിലാളികളുടെ ആവശ്യം.
അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട ലയങ്ങളുടെ പട്ടിക തയാറാക്കാൻ കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇത് ഇതുവരെ നടപ്പായില്ല. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ ഒരു ലയം പോലും സുരക്ഷിതമല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തകർന്ന് വീഴാറായ ലയത്തിൽ കാലിത്തൊഴുത്തിന് സമാനമായ അന്തരീക്ഷത്തിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. കാലവർഷം ശക്തമായാൽ ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയേ മാർഗമുള്ളു.
2018 ലെ പെട്ടിമുടി ദുരന്തത്തെയും 2021 ലെ കോഴിക്കാനത്ത് ലയം തകർന്ന് തൊഴിലാളി മരിച്ചതിനെയും തുടർന്ന് ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന ബജറ്റിൽ ഇരുപത് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ജില്ല നിർമിതി കേന്ദ്രം നവീകരണം ആവശ്യമായ ലയങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല എന്നാണ് ആക്ഷേപം.
Also Read: കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ച് കളക്‌ടർ