എറണാകുളം : വയനാട് ഉപതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉരുൾപൊട്ടൽ പുനരധിവാസത്തിന് തടസമാകരുതെന്ന് ഹൈക്കോടതി. ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനടക്കം പെരുമാറ്റച്ചട്ടം തടസമുണ്ടാക്കരുത് എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അമിക്കസ് ക്യൂറി ആവശ്യപ്പെട്ട പ്രകാരമാണ് കോടതി നിർദേശം നൽകിയത്.
കൂടാതെ വയനാടിന്‍റെ പാരിസ്ഥിതിക സാഹചര്യം കണക്കിലെടുത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടെടുത്ത കേസ് ഒക്ടോബർ 30 ലേക്ക് മാറ്റി. കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്‌ച കോടതിയെ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമാക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2026 ൽ മംഗളൂരുവിൽ സ്ഥാപിക്കുന്ന റഡാർ സംവിധാനം വടക്കൻ കേരളത്തിൽ കൂടി ഉപയോഗപ്രദമാകുമെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.