പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. ചെയർപേഴ്‌സണ്‍ സുശീല സന്തോഷും ഉപാധ്യക്ഷ രമ്യയുമാണ് രാജിവെച്ചത്. മൂന്ന് വിമത ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി.
പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. യുഡിഎഫിൻ്റെ കൂടി പിന്തുണയോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍ഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് ഇരുവരുടെയും രാജി പ്രഖ്യാപനത്തെ സ്വീകരിച്ചത്. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നഗരസഭയിൽ 18 അംഗങ്ങളാണ് ബിജെപിക്കുള്ളത്. സിപിഎമ്മിന് പത്തും യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഇതിൽ ബിജെപിയുടെ 18 അംഗങ്ങളില്‍ മൂന്ന് അംഗങ്ങൾ പാർട്ടിയുമായി ഇടഞ്ഞ് വിമത സ്വരം ഉയർത്തിയത്തോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്.
എൽഡിഎഫ് നൽകിയ അവിശ്വസ പ്രമേയത്തെ പിന്തുണക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫും യുഡിഫും മൂന്ന് വിമതരും ചേര്‍ന്നാല്‍ 18 പേരുടെ പിന്തുണയാകും. ഇതിനിടെ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് രാജിയെന്ന് സുശീല സന്തോഷ് പ്രതികരിച്ചു.
Read More: ലോക എയ്‌ഡ്‌സ് ദിനം: കേരളം 'ഒന്നായ് പൂജ്യത്തിലേയ്ക്ക്', എന്താണ് 95:95:95 ലക്ഷ്യം?