തിരുവനന്തപുരം: കേരളത്തിലെ യുവാക്കളില്‍ എച്ച്‌ഐവി (HIV) രോഗം വര്‍ധിക്കുന്നതായി കണക്ക്. 2021ന് ശേഷം യുവാകള്‍ക്കിടയില്‍ എച്ച്‌ഐവി രോഗ ബാധ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. വര്‍ഷത്തില്‍ ശരാശരി 1200 പേര്‍ക്ക് കേരളത്തില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിക്കുന്നുവെന്നും എച്ച്‌ഐവി പോസിറ്റീവായവരില്‍ 15 ശതമാനവും യുവാക്കളാണെന്നും സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിൻ്റ് ഡയറക്‌ടര്‍ രശ്‌മി മാധവന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
രോഗ ബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംയുക്ത ബോധവല്‍കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് രശ്‌മി മാധവൻ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും എച്ച്‌ഐവി പ്രതിരോധത്തിനും യുവാക്കളെ ബോധവല്‍കരിക്കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാകും ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിക്കുക.
കൃത്യമായ പരിശോധനകള്‍ നടത്തുന്നതിനാല്‍ രോഗ വ്യാപനം കുറക്കാൻ സാധിക്കുന്നുണ്ട്. 19 മുതല്‍ 25വരെ പ്രായമുള്ളവരിലാണ് കൂടുതലും എച്ച്‌ഐവി സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും രോഗ ബാധിതരായ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കണ്ടാണ് ബോധവല്‍കരണ പരിപാടികള്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടു വരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്‌ഐവി ബാധിച്ചാല്‍ മരണം ഉറപ്പാണെന്നും രശ്‌മി വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ 43 വയസുവരെയുള്ളവര്‍ക്കിടെയായിരുന്നു രോഗവ്യാപനം കൂടുതലായി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് 25 വയസുവരെയുള്ള യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചു കണ്ടത്. എന്‍എസ്എസുമായി സഹകരിച്ച് ഡിസംബറില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പിലാകും ഇതുമായി ബന്ധപ്പെട്ട് ബോധവല്‍കരണം നടത്തുക.
എന്‍എസ്എസുമായി സഹകരിച്ചുള്ള പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. വകുപ്പില്‍ നിന്നും സര്‍ക്കുലര്‍ ലഭിച്ച ശേഷം എന്‍എസ്എസ് വോളൻ്റിയര്‍മാരെ ഉപയോഗിച്ച് നിര്‍ബന്ധിത മയക്കുമരുന്ന്-എയിഡ്‌സ് ബോധവല്‍കരണ പരിപാടി നടത്താനാണ് തീരുമാനം. ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോളജുകളിലും സ്‌കൂളുകളിലും എന്‍എസ്എസ് ടീച്ചര്‍മാര്‍ക്ക് 2012 മുതല്‍ നോഡല്‍ ട്രെയിനിംഗ് ലഭിക്കുന്നുണ്ട്.
ഇതിന് പുറമേ പുതിയ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും 100 ടീച്ചര്‍മാര്‍ക്ക് വീതം ബോധവല്‍കരണ ട്രെയിനിംഗ് പരിപാടിയായ ''യുവ ജാഗ്രന്‍'' തുടരുകയാണ്. നിലവില്‍ കോളജുകളിലുള്ള റെഡ് റിബണ്‍ വോളൻ്റിയേഴ്‌സിൻ്റെ മറ്റൊരു പതിപ്പായി സ്‌കൂളുകളില്‍ ജൂനിയര്‍ റെഡ് റിബണ്‍ വോളൻ്റിയേഴ്‌സ് ആരംഭിക്കുമെന്നും രശ്മി മാധവന്‍ പറഞ്ഞു.
Read More: ദേഹാസ്വസ്ഥ്യം; സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഷിന്‍ഡെ ആശുപത്രിയില്‍