എറണാകുളം: പാതയോരങ്ങളിലെ അനധികൃത കൊടിമരം സ്ഥാപിക്കലിൽ വിമർശനവുമായി ഹൈക്കോടതി. അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി 2021 മുതൽ ഇടക്കാല ഉത്തരവിറങ്ങുന്നുണ്ടെങ്കിലും കാര്യമായ നടപടികൾ സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിമർശനം.
സംസ്ഥാനം നന്നാവില്ല. രാഷ്‌ട്രീയമായി ശക്തരായാൽ നിയമം ബാധകമാകാത്ത സാഹചര്യമാണുള്ളത് ,
പുതിയ കേരളമെന്നല്ലാ, പഴയ കേരളമെന്നു പറയണം, രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്നാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. പാതയോരങ്ങളിൽ അനധികൃത ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെയും ഹൈക്കോടതി വിമർശിച്ചു.
അനധികൃത ഫ്ലെക്‌സ് ബോർഡുകൾക്ക് പിഴയിട്ട വകയിൽ എട്ട് ലക്ഷം രൂപ ലഭിച്ചെന്ന കോർപ്പറേഷൻ്റെ മറുപടിയിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. എറണാകുളം മാധവ ഫാർമസി ജംങ്ഷനിൽ കോൺഗ്രസ് വെച്ച ഫ്ലെക്‌സ് ബോർഡിന് 5000 രൂപ പിഴ ഈടാക്കി നോട്ടിസ് അയച്ചെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടും അനധികൃത ബോർഡുകൾക്ക് കുറവുണ്ടാകുന്നില്ല. ആയിരക്കണക്കിന് അനധികൃത ബോർഡുകൾ ഇപ്പോഴും പാതയോരങ്ങളിലുണ്ടെന്നും കോടതി ഓർമിപ്പിച്ചു. സർക്കാർ പിആർഡി പോലും മന്ത്രിമാരുടെ പേരിൽ ഫ്ലെക്‌സ് ബോർഡ് വെയ്ക്കുന്നുവെന്നും കോടതി വിമർശിച്ചു.
അതിനിടെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ ഒരാൾ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി വിശദീകരണവും തേടി. ദിനം പ്രതി റോഡിലെ കുഴിയിൽ വീണ് ആളുകൾക്ക് പരിക്ക് പറ്റുന്നുണ്ടെങ്കിലും ജില്ലാ കളക്‌ടർ അടക്കം ആരും തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് റോഡിൻ്റെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഹൈക്കോടതി അടുത്തയാഴ്‌ത്തേക്ക് മാറ്റി.
Also Read: 'അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശം': നിര്‍ണായക വിധിയുമായി ഹൈക്കോടതി