എറണാകുളം: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്ന് ഹൈക്കോടതി. തോട്ടിലിറങ്ങി തെരച്ചിൽ നടത്തിയവർ ധൈര്യശാലികളെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തെ കുറിച്ച് പരാമർശിച്ചത്.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകരുത്. പ്രത്യേകിച്ച് കൊച്ചിയിലെന്നും കോടതി ഓർമ്മിപ്പിച്ചു. ഇത്തരം ദുരന്തം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങൾ മാറിച്ചിന്തിച്ചേ മതിയാകൂവെന്നും പറഞ്ഞു.
മാലിന്യം തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണ്. മഴക്കാലമായതുകൊണ്ട് കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തണം. കമ്മട്ടിപ്പാടത്ത് ഇത്രയധികം മാലിന്യം എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ച കോടതി ജനങ്ങൾ അവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന് ഇടുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു.
കൊച്ചിയിൽ കനാലുകളിലെ മാലിന്യ ശേഖരണത്തിന് ആളുകളെ ഉപയോഗിക്കുന്നത് സമ്മതിക്കാറില്ലെന്നും ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം പരാമർശിച്ച് കോടതി സൂചിപ്പിച്ചു. തുടർന്ന് വെള്ളക്കെട്ട് വിഷയം ഹൈക്കോടതി ഈ മാസം 31 ലേക്ക് മാറ്റി.
ALSO READ: ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി; റിപ്പോർട്ട് നൽകാൻ അമിക്കസ്ക്യൂറിയ്ക്ക് നിർദേശം